കുടുംബ പെൻഷന് വരുമാന പരിധി: ഭിന്നശേഷിക്കാരെ പ്രതിസന്ധിയിലാക്കി സർക്കാർ തീരുമാനം, ഉള്ള സഹായവും നിലയ്ക്കും

By Web Team  |  First Published Oct 6, 2024, 6:31 AM IST

ഉപജീവന മാർഗമോ 60000 രൂപ വാർഷിക വരുമാനമോ ഉള്ളവർക്ക് കുടുംബ പെൻഷൻ നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഭിന്നശേഷി കുടുംബങ്ങൾക്ക് തിരിച്ചടി


തിരുവനന്തപുരം: കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന്, സര്‍ക്കാര്‍ വരുമാനപരിധി നിശ്ചയിച്ചതോടെ ഭിന്നശേഷിക്കാര്‍ പ്രതിസന്ധിയില്‍. ഉപജീവന മാര്‍ഗമോ വാർഷിക വരുമാനം അറുപതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമോ ഉള്ള ആശ്രിതര്‍ക്ക് ഇനി കുടുംബ പെന്‍ഷന്‍ ലഭിക്കില്ല. നിലവിലെ ആനുകൂല്യം നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് രക്ഷിതാക്കള്‍.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും ഉപജീവനമാര്‍ഗം ഇല്ലെങ്കില്‍ ആജീവനാന്തം കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ അവിവാഹിതരായ മക്കള്‍ക്ക് വാര്‍ഷിക വരുമാനം അറുപതിനായിരത്തിലധികം ഉണ്ടെങ്കില്‍ പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന നിബന്ധന 2021 ല്‍ കൊണ്ടുവന്നു. ഈ നിബന്ധനയാണ് ഇപ്പോള്‍ ഭിന്നശേഷിക്കാരുടെ കാര്യത്തിലും പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. മക്കളുടെ ഭാവിയോര്‍ത്ത് വലിയ വിഷമത്തിലാണ് രക്ഷിതാക്കള്‍.

Latest Videos

മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ചികിത്സയ്ക്കും മറ്റുമായി പ്രതിമാസം ആയിരക്കണക്കിന് രൂപ ചെലവ് വരുമ്പോഴാണ് ഉള്ള ആനുകൂല്യവും നിലയ്ക്കുന്നത്. ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കിയിട്ടുണ്ട്. മറ്റ് ആശ്രിതരെപ്പോലെ 25 വയസ് പിന്നിട്ട ഭിന്നശേഷി കുടുംബ പെന്‍ഷന്‍കാര്‍ക്കും വരുമാന പരിധി കൊണ്ടുവരുന്നതിലൂടെ ഭിന്നശേഷിക്കാര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രക്ഷിതാക്കള്‍ പരിഭവം പറയുന്നു.

click me!