പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം ലഭിക്കുന്നതിന് അനുസരിച്ച് ഉടൻ വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങ് നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ
തിരുവനന്തപുരം: വൻ വിവാദങ്ങൾക്ക് ഒടുവിൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ കേരളത്തിന് വായ്പയായി നൽകുന്ന 817 കോടി രൂപയുടെ വി ജി എഫ് കരാർ ഒപ്പിട്ടു. 2 കരാറുകളിലാണ് കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഒപ്പിട്ടത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം ലഭിക്കുന്നതിന് അനുസരിച്ച് ഉടൻ വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങ് നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ വിമർശിച്ചു.
വിജിഎഫ് തുക വായ്പയായി അനുവദിച്ച കേന്ദ്ര നിലപാടിനെ ഇന്നും സംസ്ഥാനം വിമർശിച്ചു. സാധാരണഗതിയിൽ ഇത്തരം പദ്ധതികൾക്ക് ഗ്രാന്റ് ആയാണ് വിജിഎഫ് നൽകാറുള്ളതെന്നും കേന്ദ്രത്തോട് കേരളം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഇനിയും കാത്ത് നിന്ന് സമയം കളയാനില്ലാത്തത് കൊണ്ടാണ് കരാർ ഒപ്പിടുന്നതെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. വിജിഎഫ് കരാറിൽ ഒപ്പിട്ടത് ചരിത്ര മുഹൂർത്തമാണെന്നും മന്ത്രി പ്രതികരിച്ചു.
റോഡ് കണക്ടിവിറ്റി റെയിൽ കണക്ടിവിറ്റി എന്നിവയ്ക്ക് വേണ്ടി യുദ്ധകലാടിസ്ഥാനത്തിൽ നടപടികൾ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ സഹായം കിട്ടുമെന്ന് വീണ്ടും പ്രതീക്ഷിക്കുകയാണ്. 2028-ഓടെ റോഡ്, റെയിൽ കണക്ടിവിറ്റി പൂർത്തിയാക്കും. അപ്പോഴാണ് വിഴിഞ്ഞം തുറമുഖ പദ്ധതി പൂർണമായും ലക്ഷ്യത്തിലെത്തുക. ലോക ഭൂപടത്തിൻ്റെ ഉന്നതങ്ങളിൽ ഇതിനോടകം വിഴിഞ്ഞമെത്തിയെന്നും അദ്ദേഹം പറഞ്ഞു.