മലപ്പുറം പൊലീസിൽ വന്‍ അഴിച്ചുപണി; എസ്‌പി ശശിധരന് സ്ഥലംമാറ്റം, ഡിവൈഎസ്പിമാരെയും മാറ്റി

By Web TeamFirst Published Sep 10, 2024, 7:50 PM IST
Highlights

താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. 

തിരുവനന്തപുരം: മലപ്പുറം പൊലീസിൽ വന്‍ അഴിച്ച് പണി നടത്തി സംസ്ഥാന സർക്കാർ. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.

മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. അതേസമയം, പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി എം വി മണികണ്ഠനെ സസ്പെന്‍റ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നൽകാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിലാണ് നടപടി.

Latest Videos

സംസ്ഥാന പൊലീസിനെ പിടിച്ച് കുലുക്കിയ വിവാദങ്ങള്‍ക്ക് തുടക്കം മലപ്പുറം പൊലീസിൽ നിന്നായിരുന്നു. മലപ്പുറത്തെ പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ച് നിലമ്പൂര്‍ എംഎല്‍എയായ പി വി അന്‍വര്‍ മലപ്പുറം എസ്‍ പി ശശിധരനെ രൂക്ഷമായി വിമര്‍ശിച്ചതില്‍ നിന്നാണ് ചില പ്രശ്നങ്ങള്‍ മറ നീക്കി പുറത്തേക്ക് വരുന്നത്. പിന്നീട് ആക്ഷേപം മലപ്പുറം മുന്‍ എസ് പി സുജിത് ദാസിലേക്കും എഡിജിപി അജിത് കുമാറിലേക്കും നീങ്ങുകയുണ്ടായി. ഇതിന് പിന്നാലെയാണ് മലറപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ലൈംഗിക ആരോപണവുമായി പരാതിക്കാരി രംഗത്ത് വരുന്നത്. തുടര്‍ച്ചയായ വിവാദങ്ങള്‍ക്കൊടുവിലാണ് മലപ്പുറം പൊലീസിൽ വന്‍ അഴിച്ച് പണി നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!