രഞ്ജിത്തിനെതിരായ ആരോപണത്തിൽ വെട്ടിലായി സർക്കാർ; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ സമ്മർദം

By Web Team  |  First Published Aug 24, 2024, 5:55 AM IST

ഞ്ജിത്ത് മോശമായി പെരുമാറി എന്ന് പേര് സഹിതം നടി ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്ന് പറഞ്ഞതോടെ ഉടൻ നടപടി എടുക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാന സർക്കാർ.


തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംസ്ഥാന സർക്കാർ കടുത്ത വെട്ടിൽ. രഞ്ജിത്ത് മോശമായി പെരുമാറി എന്ന് പേര് സഹിതം നടി ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്ന് പറഞ്ഞതോടെ ഉടൻ നടപടി എടുക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാന സർക്കാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടേയും പേര് ഇല്ലാത്തത് കൊണ്ട് കേസെടുക്കാൻ നിയമ തടസം ഉണ്ടെന്നായിരുന്നു സാംസ്‌കാരിക മന്ത്രി അടക്കം പറഞ്ഞത്. നടി ശ്രീലേഖ മിത്ര പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതാണ് രഞ്ജിത്തിനും സർക്കാരിനും കുരുക്കായത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ട് കഴിഞ്ഞു.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു. 

Latest Videos

അതേസമയം, ശ്രീലേഖ മിത്രയുടെ ആരോപണം രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

click me!