നിയന്ത്രണാതീതമായ തിക്കും തിരക്കും, സമയക്രമം ഏറെ വൈകി; ജനനായകന് വിട ചൊല്ലി ആയിരങ്ങള്‍

By Web Team  |  First Published Jul 18, 2023, 8:02 PM IST

ഇന്ന് ഇനി രണ്ട് സ്ഥലത്താണ് പൊതുദര്‍ശനം ഉണ്ടാവുക. ദര്‍ബാര്‍ ഹാളിന് ശേഷം പാളയം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലും അതിന് ശേഷം കെപിസിസിയിലും പൊതുദര്‍ശനം നടക്കും.


തിരുവനന്തപുരം: കേരളത്തിന്റെ ജനനായകൻ ഉമ്മൻചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ. ദര്‍ബാര്‍ ഹാളില്‍ നിയന്ത്രണാതീതമായ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. സെക്രട്ടേറിയറ്റ് കോമ്പൗണ്ടും കടന്ന് ജനങ്ങളുടെ നീണ്ട നിരയാണുള്ളത്. വൈകിട്ട് പുതുപ്പള്ളി ഹൗസിലും വന്‍ ജനസാഗരമാണ് ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. ഇന്ന് ഇനി രണ്ട് സ്ഥലത്താണ് പൊതുദര്‍ശനം ഉണ്ടാവുക. ദര്‍ബാര്‍ ഹാളിന് ശേഷം പാളയം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലും അതിന് ശേഷം കെപിസിസിയിലും പൊതുദര്‍ശനം നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ നേതാക്കളും ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 നാണ് അന്തരിച്ചത്. ബംഗളൂരുവിൽ നൂറുകണക്കിന് മലയാളികൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാൽ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തുടർന്ന് ഉമ്മൻചാണ്ടിയുടെ ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോൾ വികാര നിർഭരമായ മുദ്രാവാക്യങ്ങളുമായി ആൾക്കൂട്ടം അനുഗമിച്ചു. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിൽ ഉമ്മൻചാണ്ടിക്ക് എ കെ  ആന്റണിയും വി.എം.സുധാരനും അടക്കമുള്ള നേതാക്കൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്ത്യാഭിവാദ്യം അർപ്പിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിന് ദീർഘവിരാമമിട്ട് ഓർമയായ ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരമാണ് തലസ്ഥാനത്തെ വസതിയിലേക്കും പൊതുദര്‍ശന വേദിയിലേക്കും ഒഴുകിയെത്തുന്നത്.

Latest Videos

Also Read: പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിനായി പള്ളിയിൽ പ്രത്യേക കല്ലറ; വൈദികരുടെ കബറിടത്തോട് ചേർന്ന് അന്ത്യവിശ്രമയിടം

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. രാത്രിയിൽ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എന്നും പ്രിയപ്പെട്ട സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ  സെമിത്തേരിയിൽ മറ്റന്നാൾ ഉച്ചയ്ക്ക് രണ്ടരയ്ക്ക് സംസ്കാരം. 

ഉമ്മൻ ചാണ്ടി അന്തരിച്ചു

click me!