മുന്നറിയിപ്പിന്‍റെ അവസാനഘട്ടം; തലസ്ഥാനത്തിന് പുറമേ 4 ജില്ല കൂടി സി കാറ്റഗറി നിയന്ത്രണത്തിൽ, അറിയേണ്ടതെല്ലാം

By Web Team  |  First Published Jan 28, 2022, 12:42 AM IST

ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം) ഉൾപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗമാണ് തീരുമാനിച്ചത്


തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന് പുറമേ ഇന്ന് മുതൽ നാല് ജില്ലകളിൽ കൂടി സി കാറ്റഗറിയിലുള്ള കൊവിഡ് നിയന്ത്രണം (COVID-19) പ്രാബല്യത്തിലായി. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം) ഉൾപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം ഇന്നലെയാണ് തീരുമാനിച്ചത്. തിരുവനന്തപുരം ജില്ല നേരത്തെ തന്നെ സി കാറ്റഗറി നിയന്ത്രണത്തിലാണ്.

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റഗറി രണ്ടിലും (ബി വിഭാഗം), മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കാറ്റഗറി ഒന്നിലുമാണ് (എ വിഭാഗം). മറ്റ് ജില്ലകളിൽ നേരത്തേ തന്നെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും, കണ്ണൂർ ജില്ലയാണ് പുതുതായി ബി കാറ്റഗറിയിൽ ഉൾപ്പെട്ടത്. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല. കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരുതല്‍വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടല്‍ വളരെ പ്രധാനമാണ്. കൊവിഡ് ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണം. ആശുപത്രികളില്‍ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കൊവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിർദേശിച്ചു.

Latest Videos

undefined

സി കാറ്റഗറി നിയന്ത്രണം: അറിയേണ്ടത്

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികളാകുമ്പോഴാണ് ഒരു ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കടുപ്പിക്കുക. ഈ ജില്ലയിൽ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെ ഒരു ഒത്തുചേരലുകളും പാടില്ല.

മറ്റ് നിയന്ത്രണങ്ങൾ

മതപരമായ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനായി നടത്തണം.

വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും.  

സിനിമാ തിയേറ്റർ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെ) രണ്ടാഴ്ച ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കണം. അതേസമയം 10, 12, അവസാനവർഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകൾ  ഓഫ്‌ലൈനായി തുടരും. ഈ സ്ഥാപനങ്ങളിൽ കൊവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജർ നില ശരാശരി 40 ശതമാനത്തിൽ താഴെ എത്തുകയും ചെയ്താൽ സ്ഥാപനമേധാവികൾ ക്ലാസുകൾ 15 ദിവസത്തേക്ക് ഓൺലൈൻ സംവിധാനത്തിൽ തുടരണം.

റെസിഡൻഷ്യൽ സ്‌കൂളുകൾ ബയോ ബബിൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയന്ത്രണം ബാധകമായിരിക്കില്ല. കൊവിഡ് വ്യാപന സാഹചര്യത്തിൽ പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ജില്ലയിൽ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കൂടുതൽ ജില്ലകൾ ബി, സി കാറ്റഗറികളിൽ, കടുത്ത നിയന്ത്രണം, വാർ റൂം വീണ്ടും തുടങ്ങി

ബി- കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

എ കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.

407 ജില്ലയിൽ ടിപിആർ ഗൗരവതരമെന്ന് കേന്ദ്രം; രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി

click me!