കേരളത്തിന്റെ കൊവിഡ് പ്രതിരോധം; അഭിനന്ദനവുമായി റിസര്‍വ് ബാങ്ക്

By Web Team  |  First Published Nov 16, 2020, 10:31 PM IST

രാജ്യത്തെ ആദ്യ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് ലേഖനം പറയുന്നു.
 


ദില്ലി: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മികച്ച പ്രതിരോധ സംവിധാനമാണ് കേരളമൊരുക്കിയതെന്ന് ആര്‍ബിഐ വാര്‍ഷിക പ്രസിദ്ധീകരണത്തിലെ ലേഖനത്തില്‍ പറയുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ സ്റ്റേറ്റ് ഫിനാന്‍സ്, എ സ്റ്റഡി ഓഫ് ബജറ്റ്‌സ് ഓഫ് 2020-21 ല്‍ കൊവിഡ് 19 ദി കേരള മോഡല്‍ ഓഫ് കണ്ടെന്‍മെന്റ് -ദി റോള്‍ ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എന്ന തലക്കെട്ടിലാണ് ലേഖനം.

കൊവിഡ് പ്രതിരോധത്തില്‍ കേരള മാതൃക ലേഖനം ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കുകൂടി വ്യക്തമാക്കുന്നതാണ് ലേഖനം. രാജ്യത്തെ ആദ്യ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് ലേഖനം പറയുന്നു. ഹോട്ട് സ്‌പോട്ടായി മാറുമായിരുന്ന സംസ്ഥാനത്തെ അതീവ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്താല്‍ നിയന്ത്രിച്ചു. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട്  മരണ നിരക്ക് 0.3ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനായത് നേട്ടമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.  

Latest Videos

രോഗികളെ കണ്ടെത്താനും ചികില്‍സിക്കാനും ഫസ്റ്റ് ലൈന്‍ ചികില്‍സ കേന്ദ്രങ്ങള്‍, സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തി പരിശോധിച്ച് നിരീക്ഷണത്തിലേക്ക് മാറ്റി, മികച്ച ബോധവത്കരണം എന്നിവയാണ് രോഗ നിയന്ത്രണത്തിന് കാരണം. ഇതിനെല്ലാം സര്‍ക്കാരിനൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിലയുറപ്പിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണമെത്തിക്കുന്നതിലടക്കം മികച്ച പ്രവര്‍ത്തനം തദ്ദേശ സ്ഥാപനങ്ങള്‍ നടത്തി. ഒത്തൊരുമയുടെ വിജയമാണ് പ്രതിരോധത്തിന്റെ തിളക്കമെന്നും ലേഖനം പറയുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും ഇടപടെലും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
 

click me!