കൊവിഡ് മരണസംഖ്യയിൽ ആശങ്ക തുടരുന്നു; 196 മരണം കൂടി സ്ഥിരീകരിച്ചു, പുതിയ രോഗികൾ 17,821, രോഗമുക്തി 36,039

By Web Team  |  First Published May 24, 2021, 6:03 PM IST

കൊവിഡ് ബാധിച്ച് ഇന്ന് 196 പേർ മരണമടഞ്ഞു. 269179 പേരാണ് ആകെ ചികിത്സയിലുള്ളത്. 36,039 പേർ രോഗമുക്തരായി. 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,821  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് 196 പേർ മരണമടഞ്ഞു. 2,59,179 പേരാണ് ആകെ ചികിത്സയിലുള്ളത്. 36,039 പേർ രോഗമുക്തരായി. രോഗികളുടെ എണ്ണം കുറയുന്ന സ്ഥിതിയുണ്ട്. മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 22.6 ശതമാനമാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം പത്ത് ദിവസം മുൻപ് നാലര ലക്ഷത്തിനടുത്തായിരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് 277598 ആയി കുറഞ്ഞു. ഇന്ന് 259179 ആണ്. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

മുഖ്യമന്ത്രിയുടെ വാക്കുകൾ 

Latest Videos

undefined

രോഗവ്യാപനം കുറയാൻ ലോക്ഡൗൺ സഹായിച്ചു. പത്ത് ദിവസം മുൻപ് കൊവിഡ് രോഗികളിൽ 91 ശതമാനം പേരെ വീടുകളിലും അവശേഷിച്ചവരെ ആശുപത്രികളിലുമാണ് ചികിത്സിച്ചത്. ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14 ശതമാനമാണ്. ആശുപത്രികളിലെ തിരക്ക് കുറയാൻ രണ്ട് മൂന്ന് ആഴ്ചകൾ കൂടിയെടുക്കും. മരണസംഖ്യ കുറയാനും സമയമെടുക്കും.

മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ ഒൻപത് ദിവസം പിന്നിട്ടു. രോഗികളുടെ എണ്ണത്തിലും ടിപിആറിലും കുറവുണ്ടായി. മലപ്പുറത്ത് ഇപ്പോൾ കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽ നിന്നാണ്. കൂട്ടുകുടുംബങ്ങൾ കൂടുതലുള്ളത് രോഗവ്യാപ്തി വർധിപ്പിക്കും. മതിയായ ക്വാറന്റൈൻ സൗകര്യം ഇല്ലാത്ത വീടുകളിൽ നിന്ന് രോഗികളെ സിഎഫ്എൽടിസികളിലേക്ക് മാറ്റുന്നതാണ്. രോഗലക്ഷണങ്ങളോടെ ക്വാറന്റൈനിൽ കഴിയുന്നവർ ഇതുപോലെയുള്ള വീടുകളിൽ കഴിയുമ്പോൾ രോഗബാധിതരാണെങ്കിൽ മറ്റുള്ളവർക്ക് രോഗം പകരും. അത്തരം ആളുകളെ താമസിപ്പിക്കാൻ പ്രത്യേക വാസസ്ഥലം ഒരുക്കും.

എല്ലാ തദ്ദേശ സ്ഥാപന അതിർത്തിയിലും കരുതൽ വാസ കേന്ദ്രങ്ങൾ ആരംഭിക്കും. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കൊവിഡ് ആശുപത്രികൾ സജ്ജീകരിക്കും. 400 കിടക്കകളുള്ള സിഎഫ്എൽടിസികളും ഒരുക്കും. സ്റ്റബിലൈസേഷൻ സെന്റർ പ്രാദേശികമായി തയ്യാറാക്കും. 15 മെഡിക്കൽ ബ്ലോക്കുകളിലും കൺട്രോൾ റൂമുകൾ തുടങ്ങി. ക്വാറന്റൈനിലുള്ളവർ പുറത്തിറങ്ങിയാൽ കേസെടുക്കും സിഎഫ്എൽടിസികളിലേക്ക് മാറ്റും. ട്രിപ്പിൾ ലോക്ഡൗൺ ലംഘിക്കുന്നവരിൽ ടെസ്റ്റ് നടത്തി പോസിറ്റീവായാൽ സിഎഫ്എൽടിസികളിലേക്ക് മാറ്റും. 

തക്കതായ കാരണങ്ങൾ ഉണ്ടെങ്കിലേ ആളുകൾ വീടിന് പുറത്തിറങ്ങാവൂ. സർക്കാർ നിർദ്ദേശം പാലിക്കണം. രോഗലക്ഷണമുള്ളവരും രോഗികളുമായി സമ്പർക്കം ഉള്ളവരും പരിശോധനക്ക് തയ്യാറായി മുന്നോട്ട് വന്നാലേ രോഗവ്യാപനം തടയാനാവൂ. എല്ലാവരും ജാഗ്രതയും സൂക്ഷ്മതയും പുലർത്തണം. പാലക്കാട് ജില്ലയിലും ശക്തമായ ഇടപെടൽ വേണം. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചെങ്കിലും 43 പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇവിടങ്ങളിൽ ടിപിആർ 30 ശതമാനത്തിന് മുകളിലാണ്. പരിശോധന ശക്തമാക്കാനും ക്വാറന്റൈൻ വിപുലപ്പെടുത്താനും തീരുമാനിച്ചു.

ലോക്ഡൗൺ ഘട്ടത്തിൽ നിർമ്മാണ പ്രവർത്തനത്തിന് അനുമതിയുള്ളതിനാൽ ഇതിന് വേണ്ട സാമഗ്രികൾ വിൽക്കുന്ന കടകൾ വിൽക്കാൻ നിശ്ചിത ദിവസം അനുവദിക്കും. ചെത്തുകല്ല് വെട്ടാൻ അനുമതി നൽകും. ഇത് കൊണ്ടുപോകുന്ന വാഹനങ്ങൾ ലോക്ഡൗണിന് മുൻപ് തന്നെ തടഞ്ഞിരുന്നു. നിർമ്മാണ പ്രവർത്തനത്തിന് കല്ല് ആവശ്യമായതിനാൽ ചെത്ത് കല്ല് കൊണ്ടുപോകുന്ന വാഹനങ്ങൾ തടയുന്നത് ഒഴിവാക്കും.

മലഞ്ചരക്ക് കടകൾ തുറക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. വയനാട് ഇടുക്കി ജില്ലകളിൽ മലഞ്ചരക്ക് കടകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളിൽ ആഴ്ചയിൽ ഒരു ദിവസമാണ് തുറക്കാൻ അനുമതി. റബർ തോട്ടങ്ങളിൽ മഴക്കാലത്ത് റെയിൻഗാർഡ് വേണ്ടിവരുമായിരുന്നു. അതിന് ആവശ്യമായ കടകൾ നിശ്ചിത ദിവസം തുറക്കാം.

വാക്സീനേഷൻ ബാങ്ക് ജീവനക്കാർക്ക് ബാങ്കുകൾ തന്നെ നൽകുമെന്ന് സമ്മതിച്ചിട്ടുണ്ട്. അവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയാലേ ആദ്യ ഘട്ടത്തിൽ നൽകാനാവൂ എന്നാണ് അറിയിച്ചിരിക്കുന്നത്. അക്കാര്യം പരിഗണിക്കും.

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വാക്സീൻ ലഭ്യമാകുന്നില്ലെന്ന പ്രശ്നമുണ്ട്. രണ്ടാം ഡോസ് എടുക്കേണ്ടവരുണ്ട്. കൊവിഷീൽഡാണ് വിദേശത്ത് അംഗീകരിച്ച വാക്സീൻ. കൊവിഷീൽഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നൽകാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. 84 ദിവസത്തിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളയാൽ തിരിച്ച് പോകുന്നതെങ്കിൽ അയാൾക്ക് ജോലി നഷ്ടപ്പെട്ടെന്ന് വരാം. അത്തരം അനേകം കേസുകളുണ്ടെന്നാണ് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് ജോലിയുള്ളവർക്ക് വാക്സീൻ നൽകാൻ സൗകര്യമൊരുക്കും. 84 ദിവസം കഴിഞ്ഞേ പറ്റൂ എന്നത് എങ്ങിനെ ഇളവ് ചെയ്യാമെന്നാണ് പരിശോധിക്കുക. ഇവിടെ ഉപയോഗിക്കുന്ന കൊവാക്സീൻ വിദേശത്ത് അംഗീകാരം ഇല്ല. അക്കാര്യത്തിൽ കേന്ദ്രസർക്കാർ തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ട്. പെട്ടെന്ന് അംഗീകാരമാകുമെന്നാണ് പ്രതീക്ഷ. കൊവാക്സിന്റെ അംഗീകാരം പെട്ടെന്ന് കിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.

അച്ഛനും അമ്മയും മരണപ്പെട്ടു. കുട്ടികൾ അത്തരമൊരു അവസ്ഥയിൽ വല്ലാത്ത അനിശ്ചിതത്വത്തിലാകും. അത്തരം കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടിയെടുക്കും. എന്തൊക്കെ നടപടിയാണ് സ്വീകരിക്കുകയെന്ന് പരിശോധനയിലൂടെ തീരുമാനിക്കാമെന്നാണ് ധാരണ.

വാക്സീനേഷൻ- സംസ്ഥാനത്തിന്റെ പക്കലുള്ള വാക്സീൻ സ്റ്റോക്ക് തീർന്നു- പിണറായി

രോഗവ്യാപനം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം സമൂഹത്തിൽ പരമാവധി പേർക്ക് വാക്സീൻ നൽകലാണ്. അങ്ങിനെയാണ് സാമൂഹ്യ പ്രതിരോധ ശേഷി ആർജ്ജിക്കാനാവുക. എന്നാൽ വാക്സീനുകളുടെ കുറവ് ആസൂത്രണം ചെയ്ത വേഗതയിൽ വാക്സീനേഷൻ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാക്കി. 45 വയസിന് മുകളിലുള്ളവർക്ക് വാക്സീനേഷന് വേണ്ട വാക്സീൻ നൽകേണ്ടത് കേന്ദ്രസർക്കാരാണ്. സംസ്ഥാനത്തിന്റെ പക്കലുള്ള സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായി. കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ ഇത് പെടുത്തി. ഇതിനെ തുടർന്നാണ് ആഗോള ടെണ്ടർ വാക്സീൻ വാങ്ങാൻ സംസ്ഥാന സർക്കാർ വിളിച്ചത്. ഓരോ സംസ്ഥാനവും ടെണ്ടർ വിളിച്ചാൽ വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ഓരോ സംസ്ഥാനത്തും എത്ര വാക്സീനാണ് വേണ്ടതെന്ന് കണക്കാക്കി രാജ്യത്തിനാകെ വേണ്ട വാക്സീൻ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടർ കേന്ദ്രസർക്കാർ തന്നെ വിളിച്ചാൽ വാക്സീനുകളുടെ വില ഉയരാതെ നിലനിർത്താം. ഇതാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുന്ന സർക്കാരിന്റെ കാരുണ്യ ആരോഗ്യ പദ്ധതിയിൽ ഇപ്പോൾ 252 ആശുപത്രികളുണ്ട്. 122.65 കോടി രൂപയാണ് പദ്ധതി വഴി ജനങ്ങളുടെ ചികിത്സയ്ക്ക് ചെലവാക്കിയത്. കൂടുതൽ ആശുപത്രികൾ പദ്ധതിയുടെ ഭാഗമാകണം. ജനത്തിന് സൗജന്യ ചികിത്സ ലഭ്യമാക്കാൻ സൗകര്യമൊരുക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ ഡിഎംഒമാരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര സെല്ലാണ് കൈകാര്യം ചെയ്യുന്നത്.

മാസ്കുകൾ എങ്ങനെ ഉപയോഗിക്കണം

മാസ്കുകളുടെ ഉപയോഗം കൊവിഡ് വ്യാപനം തടയാൻ ഏറ്റവും ഉപയോദപ്രദമായ മാർഗ്ഗമാണ്. മാസ്കുകളുടെ അശാസ്ത്രീയമായ ഉപയോഗം രോഗങ്ങൾ പിടിപെടാൻ കാരണമാകും. തുണി കൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കുമ്പോൾ ഉപയോഗ ശേഷം നന്നായി കഴുകി വെയിലിൽ ഉണക്കണം. മഴക്കാലത്താണെങ്കിൽ ഉണങ്ങിയാലും ഈർപ്പം കളയാൻ ഇസ്തിരിപ്പെട്ടി ഉപയോഗിക്കണം. സർജിക്കൽ മാസ്ക് ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ. ആറ് മുതൽ എട്ട് മണിക്കൂർ വരെയാണ് ഉപയോഗിക്കാനാവുക. എൻ 95 മാസ്കും ഒരു തവണയേ ഉപയോഗിക്കാനാവൂ. 

എൻ 95 മാസ്കുകൾ വാങ്ങുമ്പോൾ അഞ്ച് മാസ്കെങ്കിലും ഒരുമിച്ച് വാങ്ങുക. ഒരു തവണ ഉപയോഗിച്ചാൽ അത് പേപ്പർ കവറിൽ സൂക്ഷിക്കണം. മറ്റ് നാല് മാസ്കുകൾ കൂടി ഉപയോഗിച്ച് ഇതേ രീതിയിൽ സൂക്ഷിച്ച ശേഷം ആറാമത്തെ ദിവസം ആദ്യത്തെ മാസ്ക് വീണ്ടും ഉപയോഗിക്കാം. മൂന്ന് തവണ ഇത്തരത്തിൽ ഉപയോഗിക്കാം. അതിൽ കൂടുതലോ തുടർച്ചയായോ മാസ്കുകൾ ഉപയോഗിക്കരുത്. മാസ്കുകൾ ഉപയോഗിക്കുന്നതും ബ്ലാക് ഫംഗസ് രോഗവും തമ്മിൽ ബന്ധിപ്പിച്ച് അശാസ്ത്രീയ രോഗവും പരക്കുന്നുണ്ട്. ബ്ലാക് ഫംഗസ് രോഗങ്ങളെ തടയാൻ ശരിയായ രീതിയിൽ മാസ്കുകൾ ഉപയോഗിക്കണം. സംസ്ഥാനത്തെ 11 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!