‘നിങ്ങടെ സ്കൂൾ അവിടെത്തന്നെ ഉണ്ടാകും’: വെള്ളാർമല സ്കൂളിലെ കുട്ടികളെ ചേർത്തു പിടിച്ച് മുഖ്യമന്ത്രി

By Sangeetha KS  |  First Published Jan 4, 2025, 7:00 PM IST

ഉദ്ഘാടന പ്രസം​ഗത്തിലും മുഖ്യമന്ത്രി വെള്ളാർമല സ്കൂളിലെ കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരാമർശിച്ചിരുന്നു.


തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വെള്ളാർമല സ്കൂളിലെ കുട്ടികളോട് സ്കൂൾ അവിടെ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 63-ാമത് സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവും സ്വാ​ഗത നൃത്തവും കഴിഞ്ഞു വരുന്ന വഴിയിൽ നിന്ന കുട്ടികളോടാണ് മുഖ്യമന്ത്രിയുടെ മറുപടി. 

സ്വാ​ഗത നൃത്തത്തിൽ വെള്ളാർമല സ്കൂളിലെ കുട്ടികളും പങ്കെടുത്തിരുന്നു. ഇതിന് ശേഷം സ്റ്റേജിൽ ഇവരുടെ പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു. ഉദ്ഘാടന പ്രസം​ഗത്തിലും മുഖ്യമന്ത്രി വെള്ളാർമല സ്കൂളിലെ കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരാമർശിച്ചിരുന്നു. വെള്ളാർമല സ്കൂളിലെ കുട്ടികൾ പരിപാടിയിൽ പങ്കെടുക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു. ഇതിനു ശേഷം മുഖ്യമന്ത്രി വേദിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ കുട്ടികളോട് സംസാരിക്കുകയും അവർക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. 

Latest Videos

സംസാരത്തിനിടെ നിങ്ങളുടെ നല്ല സ്കൂളല്ലേയെന്ന് മുഖ്യമന്തി കുട്ടികളോട് ചോദിച്ചു. കുട്ടികളിലൊരാൾ ഞങ്ങളുടെ സ്കൂൾ ഞങ്ങളുടെ സ്ഥലത്ത് തന്നെ വേണമെന്നു പറഞ്ഞു. അപ്പോഴാണ് മുഖ്യമന്ത്രി ഒരു പെൺകുട്ടിയുടെ തലയിൽ കൈവച്ച് നിങ്ങടെ സ്കൂൾ അവിടെത്തന്നെ ഉണ്ടാകും എന്ന് ആശ്വസിപ്പിച്ചത്.

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട കുട്ടികളടക്കമാണ് ഇന്ന് കലോത്സവ വേദിയിലെ അവതരണത്തിൽ പങ്കാളികളായത്. കഴിഞ്ഞ വർഷം ഒപ്പം കളിച്ച കുട്ടികളില്ലാതെയാണ് ഇത്തവണ മത്സരിക്കാനെത്തിയതെന്നും അത് ഏറെ വേദനിപ്പിക്കുന്നതാണെന്നും കുട്ടികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മനസിൽ നിന്ന് ഒരിക്കലും മായാത്ത ഓർമ്മകളാണ് അരങ്ങിലെത്തിച്ചതെന്നും ഒന്നും ഒരിക്കലും മറക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

നോവോർമ്മകളിൽ നിന്ന് കരുത്തോടെ വെള്ളാർമല സ്കൂളിലെ കുട്ടികൾ; അരങ്ങിൽ പുനരാവിഷ്‌കരിച്ചത് വയനാട് ദുരന്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!