ഇപി ഇങ്ങനെ പറയില്ലെന്ന് സരിൻ, നേതാക്കൾ പ്രതികരിക്കുമെന്ന് പ്രദീപ്; വാ‍ർത്തയിൽ ദുരുദ്ദേശമെന്ന് സത്യൻ മൊകേരി

By Web Team  |  First Published Nov 13, 2024, 9:45 AM IST

ഇപി ജയരാജനുമായി ബന്ധപ്പെട്ട പുസ്‌തക വിവാദത്തിൽ പ്രതികരിച്ച് പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർത്ഥികൾ


തിരുവനന്തപുരം: കട്ടൻ ചായയും പരിപ്പുവടയും എന്ന ഡി സി ബുക്സിൻ്റെ പുസ്തക വിവാദത്തിൽ പ്രതികരിച്ച് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥികൾ. ഇപി ജയരാജൻ്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്ന് ഡോ.പി.സരിൻ പ്രതികരിച്ചപ്പോൾ, വിഷയത്തിൽ ഇടതുമുന്നണി നേതാക്കളും മുഖ്യമന്ത്രിയും മറുപടി പറയുമെന്ന് പറ‌ഞ്ഞ് യു.ആർ പ്രദീപ് ഒഴിഞ്ഞുമാറി. ആദ്യം പുസ്തകം വായിക്കട്ടെയെന്ന് പറഞ്ഞ വയനാട്ടിലെ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് തന്നെ വാർത്ത വന്നതിൽ ദുരുദ്ദേശമുണ്ടെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെ താൻ ഫോണിൽ വിളിച്ചു സംസാരിച്ചിട്ടുണ്ടെന്ന് ഡോ.പി.സരിൻ പറഞ്ഞു. വളരെ രസകരമായാണ് ഇ പി സംസാരിച്ചത്. ഇങ്ങനെയൊരു വാർത്ത ഇ.പി തന്നെ നിഷേധിച്ചിട്ടുണ്ട്. പുസ്തകം വായനക്കാരുടെ കൈയിൽ എത്തിയിട്ടാണ് ചർച്ചയാകേണ്ടത്. തനിക്കെതിരെ പരാമർശം ഉണ്ടെങ്കിൽ ഉറപ്പായും മറുപടി പറയുമെന്നും സരിൻ പറഞ്ഞു. ചേലക്കരയിലെ മികച്ച പോളിങ് ഇടതുമുന്നണിക്ക് ഗുണമാകുമെന്ന് പറഞ്ഞ യു.ആർ പ്രദീപ് പുസ്തകവുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്നാണ് മറുപടി പറഞ്ഞത്.

Latest Videos

ഇ പി ജയരാജന്റെ പുസ്തകം പുറത്തിറങ്ങുമ്പോൾ താൻ വായിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുസ്തകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ പി ജയരാജനോട് ചോദിക്കണം. മാധ്യമങ്ങളിലെ വാർത്തകൾ വോട്ടെടുപ്പിനെ ബാധിക്കില്ല. ഇന്നുതന്നെ മാധ്യമങ്ങൾ വാർത്ത കൊടുത്തതിൽ എന്തോ ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് സംസാരിച്ച അദ്ദേഹം വയനാട്ടിലെ യു‍ഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ വിമർശിച്ചു. പ്രിയങ്ക വൈകാരികത വോട്ടാക്കി മാറ്റാൻ ശ്രമിക്കുകയാണ്. ഗാന്ധി കുടുംബം കടന്നുപോയ ത്യാഗങ്ങളെ സമൂഹത്തെ  ഓർമ്മിപ്പിക്കാൻ സഹോദരൻ സഹോദരിക്ക് ഉമ്മ നൽകുന്നു. ഇതിനെല്ലാം പിന്നിൽ ആസൂത്രണം ഉണ്ട്. കപ്പയും മീൻകറിയും കഴിക്കുന്നത് വരെ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. ആരാധനാലയങ്ങൾ പ്രചാരണത്തിനുള്ള സ്ഥലമാക്കി മാറ്റരുത്. വോട്ട് കിട്ടാനുള്ള അവസാന തുറുപ്പ് ചീട്ടാണ് ആരാധനാലയങ്ങളിലെ സന്ദർശനമെന്നും സത്യൻ മൊകേരി പറഞ്ഞു.

click me!