തർക്ക വിഷയത്തിലെ തുക ഒരുലക്ഷം രൂപ വരെയാണെങ്കിൽ 200 രൂപയാണ് ഫീസ്. ഒന്നു മുതൽ 5 ലക്ഷം രൂപ വരെ ആണ് നഷ്ടപരിഹാരമായി ചോദിക്കുന്നതെങ്കിൽ അര ശതമാനം തുക ഫീസായി നൽകണം. 500 രൂപ മുതൽ 2500 രൂപ വരെ ആയിരിക്കും ഈ വിഭാഗത്തിലെ ഫീസ്.
തിരുവനന്തപുരം: കുടുംബ കോടതികളിലെ വസ്തുതർക്ക കേസുകളിൽ ഫീസ് വർധിപ്പിക്കാനുള്ള ബജറ്റ് തീരുമാനം സ്ത്രീകൾക്കും കുട്ടികൾക്കും ഇരുട്ടടിയാവും. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ കുടുംബ കോടതികളിൽ എത്തുന്ന വസ്തു സംബന്ധമായ കേസുകളിൽ ഫീസ് 50 രൂപയിൽ നിന്ന് ഒറ്റയടിക്ക് 200 രൂപ മുതൽ 2 ലക്ഷം വരെയാക്കിയാണ് വർധിപ്പിച്ചത്. കുടുംബ കോടതികളിലെ വസ്തു സംബന്ധമായ കേസുകളിൽ പരാതിക്കാർ ഭൂരിഭാഗവും സ്ത്രീകളാണ് എന്നതും ഇവരിൽ തന്നെ പരാശ്രയമില്ലാതെ കഴിയുന്നവരാണ് അധികവും. ഇവരെയാണ് സർക്കാർ തീരുമാനം ബാധിക്കുക. അതിനാൽ സർക്കാരിന്റെ പുതിയ തീരുമാനം അപ്രയോഗികം എന്നാണ് വിലയിരുത്തപ്പെടുന്നത്.
തനിക്ക് അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തത് തിരികെ ലഭിക്കാൻ പങ്കാളിക്ക് എതിരെ കുടുംബ കോടതികളിൽ നൽകുന്നതാണ് ഈ കേസ്. പരാതിക്കാർ ഇത്തരം കേസുകളിൽ നിലവിൽ 50 രൂപ ഫീസാണ് ഹർജി സമർപ്പിക്കുമ്പോൾ നൽകുന്നത്. കുടുംബ കോടതികളിൽ എത്തുന്ന പരാതിക്കാരിൽ ബഹുഭൂരിപക്ഷവും ഭർത്താവിൽ നിന്നോ ഭർത്താവിന്റെ വീട്ടുകാരിൽ നിന്നോ പീഡനം നേരിടേണ്ടി വന്നു എന്ന് പരാതിപ്പെടുന്ന സ്ത്രീകളാണ്. മിക്ക കേസുകളിലും സ്വന്തം വീട്ടുകാരുടെ പിന്തുണ പോലും ഈ സ്ത്രീകൾക്ക് ലഭിക്കാറില്ല.
undefined
ഒരു സ്ത്രീ തന്റെ വിവാഹസമയത്ത് കൈവശം ഉണ്ടായിരുന്നതും ഭർത്താവിന്റെ വീട്ടുകാർ തട്ടിയെടുത്തു എന്ന് പരാതിപ്പെടുന്നതുമായ 50 പവൻ സ്വർണവും 10 ലക്ഷം രൂപയും തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണെങ്കിൽ, ആയതിന്‍റെ നിലവിലെ വിപണി മൂല്യം 33 ലക്ഷം രൂപയാണെങ്കിൽ, അതിന്റെ ഒരു ശതമാനമായ 33,000 രൂപ പരാതി നൽകുമ്പോൾ തന്നെ കെട്ടിവയ്ക്കേണ്ടി വരും" - നികുതി നിർദേശത്തിലെ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് എറണാകുളത്തെ അഭിഭാഷകൻ പിജെ പോൾസൺ പറഞ്ഞു.
സംസ്ഥാന ബജറ്റിൽ നാലാം ഭാഗത്തിൽ 571 ആം പോയിന്റാണ് ഇക്കാര്യം പറയുന്നത്. ആവശ്യപ്പെടുന്ന തുകയുടെ മൂല്യം അനുസരിച്ച് മൂന്ന് വിഭാഗമാക്കി തിരിച്ചാണ് പുതിയ പരിഷ്കാരം സംസ്ഥാന സർക്കാർ കൊണ്ടുവരുന്നത്. തർക്ക വിഷയത്തിലെ തുക ഒരുലക്ഷം രൂപ വരെയാണെങ്കിൽ 200 രൂപയാണ് ഫീസ്. ഒന്നു മുതൽ 5 ലക്ഷം രൂപ വരെ ആണ് നഷ്ടപരിഹാരമായി ചോദിക്കുന്നതെങ്കിൽ അര ശതമാനം തുക ഫീസായി നൽകണം. 500 രൂപ മുതൽ 2500 രൂപ വരെ ആയിരിക്കും ഈ വിഭാഗത്തിലെ ഫീസ്. ഇതിനു മുകളിലേക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതിക്കാർ കുറഞ്ഞത് 5000 രൂപ മുതൽ പരമാവധി രണ്ട് ലക്ഷം രൂപ വരെ ഫീസ് ആയി പരാതിക്കൊപ്പം തന്നെ നൽകണം.
നിരാലംബരായി വീട് വിട്ട് ഇറങ്ങേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അവർ നേരിടുന്ന മാനസിക പ്രയാസങ്ങളും പരിഗണിക്കാതെ കൊണ്ടുവന്ന നികുതി നിർദ്ദേശം ആയാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നിർദ്ദേശത്തെ അഭിഭാഷകർ വിമർശിക്കുന്നത്. കുടുംബ കോടതികളിലെ ഈ ഫീസ് വർധന വഴി 50 കോടി രൂപയുടെ മാത്രം അധിക വരുമാനമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നതും കേന്ദ്ര സർക്കാരിൽ നിന്നുള്ള വരുമാനം കുറഞ്ഞു എന്നതും കാരണമായി സർക്കാർ ചൂടിക്കാട്ടുന്നു. എന്നാൽ ഇതിന്റെയെല്ലാം ഭാരം ചുമക്കേണ്ടത് ദുസ്സഹമായ കുടുംബ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ അവസാന പ്രതീക്ഷയായി കോടതിയെ സമീപിക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും ആണോയെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.