പി.ടി തോമസിനെ അനുസ്മരിച്ച് നിയമസഭ; നിലപാടുകൾക്കായി സധൈര്യം പോരാടിയ നേതാവെന്ന് മുഖ്യമന്ത്രി

By Web Team  |  First Published Feb 21, 2022, 11:24 AM IST

കഷ്ടപ്പാട് നിറഞ്ഞ ഒരു ബാല്യകാലം അദ്ദേഹത്തിനുണ്ടായിരുന്നു ജീവിതയാത്രയിലുടനീളം അദ്ദേഹം ആ ലാളിത്യം കാത്തുസൂക്ഷിച്ചു. കേരളത്തിൻ്റെ രാഷ്ട്രീയ പൊതുമണ്ഡലത്തെ ആകെ വേദനിപ്പിക്കുന്നതാണ് അദ്ദേഹത്തിൻ്റെ വിയോഗം - മുഖ്യമന്ത്രി 


തിരുവനന്തപുരം: അന്തരിച്ച കോൺ​ഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായിരുന്ന പി.ടി.തോമസിനെ അനുസ്മരിച്ച് നിയമസഭ. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവും അടക്കം വിവിധ കക്ഷി നേതാക്കൾ ഇന്ന് നിയമസഭയിൽ പി.ടി.തോമസിനെ അനുസ്മരിച്ച് സംസാരിച്ചു. തുടർന്ന് പിടിയുടെ മരണത്തിൽ അനുശോചിച്ചും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചും സഭ ഇന്നത്തേക്ക് പിരിഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 
എന്നു തനതായ നിലപാടുള്ള നേതാവായിരുന്നു പി.ടി.തോമസ്. ചിലപ്പോൾ അത് വ്യക്തിനിഷ്ഠമായി വന്നിരിക്കാം എങ്കിൽ പോലും അതൊക്കെ അദ്ദേഹത്തിൻ്റെ ഉറച്ച നിലപാട് തന്നെയായിരുന്നു. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാവാം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് വന്ന അദ്ദേഹം നാല് തവണ നിയസഭയിൽ ഒരു തവണ ലോക്സഭയിലും എത്തി. സഭകളിൽ ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാൻ അദ്ദേഹം അതീവ താത്പര്യം കാണിച്ചു. പാർട്ടിക്കും മുന്നണിക്കും പൊതുരാഷ്ട്രീയ മണ്ഡലത്തിനും വിരുദ്ധമായ നിലപാടുകൾ പലപ്പോഴും പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിൽ അദ്ദേഹം കാണിച്ചു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കാനും അതിനായി വാദിക്കാനും അദ്ദേഹം ധൈര്യം കാണിച്ചു. തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ തളരാതിരുന്ന പി.ടി.തോമസ് രോഗങ്ങളോടും അതേ ധൈര്യത്തോടെ പോരാടി ജയിക്കുമെന്ന് നാം കരുതി. എന്നാൽ നമ്മുടെ പ്രതീക്ഷകളെ ഇരുളിലാക്കി ആ വിയോഗം. 

Latest Videos

എഴുത്തും വായനയും എന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. സാംസ്കാരിക പ്രവർത്തനത്തെ രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം കൊണ്ടു പോകുന്ന ശൈലിയായിരുന്നു അദ്ദേഹത്തിൻ്ത്. ആ ശൈലിയുടെ സ്വാഭാവിക തുടർച്ചയായിരുന്നു അന്ത്യയാത്രയ്ക്ക് വയലാറിൻ്റെ ഗാനം അകമ്പടിയാവണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹം. രാഷ്ട്രീയത്തിൽ മതം ഇടപെടുന്നത് അപകടകരമാണെന്ന് ചിന്തിക്കുകയും ആ ചിന്ത മുൻനിർത്തി സ്വന്തം സംസ്കാരം മതനിരപേക്ഷമായിരിക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു പി.ടി.തോമസ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പിടി തോമസ് സഭയിൽ അവസാനമായി എത്തിയത്. അന്നും തനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങളിൽ പിടി തോമസ് ശക്തമായ വാദം ഉന്നയിച്ചു. കഷ്ടപ്പാട് നിറഞ്ഞ ഒരു ബാല്യകാലം അദ്ദേഹത്തിനുണ്ടായിരുന്നു ജീവിതയാത്രയിലുടനീളം അദ്ദേഹം ആ ലാളിത്യം കാത്തുസൂക്ഷിച്ചു. കേരളത്തിൻ്റെ രാഷ്ട്രീയ പൊതുമണ്ഡലത്തെ ആകെ വേദനിപ്പിക്കുന്നതാണ് അദ്ദേഹത്തിൻ്റെ വിയോഗം.

വിഡി സതീശൻ (പ്രതിപക്ഷ നേതാവ്)

ഒരു കാലത്ത് മനുഷ്യൻ കടന്നു ചെല്ലാൻ ബുദ്ധിമുട്ടിയ ഇടുക്കിയിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്നുമാണ് കേരളത്തിൻ്റെ സാമൂഹിക രാഷ്ട്രീയമണ്ഡലങ്ങളിൽ ഇടിമുഴക്കം സൃഷ്ടിച്ചാണ് അദ്ദേഹം കടന്നു പോയത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ വിദ്യാർത്ഥി - യുവജനരാഷ്ട്രീയത്തിലെ അഗ്നിയായിരുന്നു പിടി തോമസ്. അവസാനകാലം വരെ ആ തീ അദ്ദേഹം കെടാതെ സൂക്ഷിച്ചു. ഏറ്റെടുക്കുന്ന ചുമതല എന്തുമാവട്ടെ അതിൻ്റെ പൂർണമായ സാക്ഷാത്കാരത്തിന് വേണ്ടി യത്നിക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശൈലി. പിടി തോമസ് ഇല്ലാത്ത ഈ നിയമസഭയെ ഉൾക്കൊള്ളാൻ ഇപ്പോഴും യുഡിഎഫിനായിട്ടില്ല. 

ബജറ്റ് സമ്മേളനത്തിനായി ചേർന്ന നിയമസഭ നാളെ മുതൽ ചട്ടപ്രകാരമുള്ള  സഭാ നടപടികളിലേക്ക് കടക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചർച്ചയാണ് അടുത്ത മൂന്ന് ദിവസത്തേക്ക് നടക്കുക. കെ- റെയിൽ, ​ഗവ‍ണ‍ർ, പെൻഷൻ പ്രായം, തലശ്ശേരി കൊലപാതകം അടക്കം വിവിധ വിഷയങ്ങളിൽ സഭ പ്രക്ഷുബ്ധമാവാനാണ് സാധ്യത. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് യുഡിഎഫ് നേതൃയോഗവും ചേരുന്നുണ്ട്. 

click me!