'ഒറ്റപ്പെടുത്തി പുറത്താക്കാൻ ശ്രമം', മുല്ലപ്പള്ളി ഹൈക്കമാൻഡിനോട്, പുകഞ്ഞ് കോൺഗ്രസ്

By Web Team  |  First Published May 6, 2021, 12:12 PM IST

തോല്‍വിയില്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്കൊപ്പം ഹൈക്കമാന്‍ഡിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് പാർട്ടിയില്‍ എതിര്‍ശബ്ദമുയര്‍ത്തിയ നേതാക്കളുടെ നിലപാട്. അടിയന്തരമായി ആത്മപരിശോധന നടത്തണമെന്ന് കപിൽ സിബലടക്കം ആവശ്യപ്പെട്ടിരുന്നു. 


ദില്ലി/ തിരുവനന്തപുരം: പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്തി നിശ്ശബ്ദനാക്കി പുറത്താക്കാൻ നീക്കം നടക്കുന്നുവെന്ന് ഹൈക്കമാൻഡ് നേതാക്കളോട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തോൽവിയിൽ കൂട്ടുത്തരവാദിത്തം എന്നത് നേതാക്കൾ മറക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പരാതിപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായത് തന്‍റെ മാത്രം പരാജയമായി വ്യാഖ്യാനിക്കുന്നുവെന്നും മുല്ലപ്പള്ളി പറയുന്നു. 

തോൽവിയുടെ കാരണം വിലയിരുത്താൻ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക് വരാനിരിക്കുകയാണ്. അപ്പോഴാണ് രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി ഹൈക്കമാൻഡിനെ സമീപിക്കുന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന ചര്‍ച്ചകളിലും നിരീക്ഷകര്‍ പങ്കെടുക്കും.

Latest Videos

undefined

എംപിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയേയും, വി വൈദ്യലിംഗത്തേയുമാണ് നിരീക്ഷകരായി കേരളത്തിലേക്ക് അയക്കുന്നത്. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായാണ് ഇരുവരേയും കേരളത്തിലേക്ക് വിടുന്നതെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നതെങ്കിലും തോല്‍വിയുടെ  പ്രാഥമിക വിലയിരുത്തലിനായാണ് രണ്ടംഗം സംഘം എത്തുന്നത്. 

മുതിര്‍ന്ന നേതാക്കളോടും എംഎല്‍എമാരോടും സംഘം സംസാരിക്കും. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന കൂട്ട ആവശ്യത്തില്‍ ഗ്രൂപ്പ് നേതാക്കളുടെ മനസ്സറിയും. എവിടെ പാളിയെന്നതില്‍ മുല്ലപ്പള്ളിയും വിശദീകരിക്കണ്ടിവരും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരീക്ഷകരുടെ  കേരളസന്ദര്‍ശനം നീണ്ടേക്കും. 

തോല്‍വിയെ കുറിച്ച്  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള ദേശീയ നിരീക്ഷക സംഘവും വിലയിരുത്തല്‍ നടത്തും. നിര്‍ണ്ണായകമായ നാളത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി നേതാവ് താരിഖ് അന്‍വര്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നുണ്ട്.  തോല്‍വിയില്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്കൊപ്പം ഹൈക്കമാന്‍ഡിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് പാര‍്‍ട്ടിയില്‍ എതിര്‍ശബ്ദമുയര്‍ത്തിയ നേതാക്കളുടെ നിലപാട്. നേതൃത്വം അടിയന്തരമായി  ആത്മപരിശോധന നടത്തണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു

വിമത ശബ്ദമുയര്‍ത്തിയ പല നേതാക്കളും വരും ദിവസങ്ങളില്‍ നേതൃത്വത്തിനെതിരെ രംഗത്ത് വരാനിടയുണ്ട്. കൊവിഡ് സാഹചര്യം പരിഗണിച്ച് തല്‍ക്കാലം മിണ്ടാതിരിക്കുന്നുവെന്നാണ് പല മുതിര്‍ന്ന നേതാക്കളുടെയും പ്രതികരണം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!