'ഇതാണ് കണക്കുകൾ' നെല്ല് സംഭരണ വിവാദങ്ങൾക്കിടെ കേന്ദ്രം നൽകാനുള്ള കണക്കുകൾ സഹിതം ഭക്ഷ്യമന്ത്രിയുടെ വിശദീകരണം!

By Web Team  |  First Published Sep 1, 2023, 6:43 PM IST

1854 കോടി രൂപ കർഷകർക്ക് നൽകി ഇനി നൽകാനുള്ളത് 216 കോടി രൂപ മാത്രം കേന്ദ്ര വിഹിതമായി 637.6 കോടി രൂപ ലഭിക്കാനുണ്ട്


തിരുവനന്തപുരം: കർഷക വിഷയത്തിയത്തിൽ മന്ത്രിമാരെ ഇരുത്തി നടൻ ജയസൂര്യ വിമർശനം ഉന്നയിച്ചതുമായ വിവാദത്തിനിടെ കർഷകർക്ക് മുഴുവൻ തുകയും നൽകിയെന്ന വിശദീകരണവുമായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ രംഗത്ത്. 2022-23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

2,50,373 കർഷകരിൽ നിന്നായി 7,31,184 ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 2,30,000 പേർക്ക് മുഴുവൻ പണവും നൽകി. 50,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കർഷകർക്കും പൂർണമായി തുക നൽകിയെന്നും മന്ത്രി പറഞ്ഞു.  216 കോടിയാണ് നെല്ലിന്റെ വിലയായി ഇനി കർഷകർക്ക് നൽകാനുള്ളതെന്നും ഇത് ഉടൻ അവരുടെ അക്കൗണ്ടുകളിൽ എത്തുമെന്നും വിതരണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Latest Videos

കേന്ദ്ര സർക്കാരിൽ നിന്നുള്ള വിഹിതം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനാലാണ് കർഷകർക്ക് ഉടൻ പണം കൈമാറുന്നതിനായി ബാങ്ക് കൺസോർഷ്യവുമായി ധാരണയുണ്ടാക്കിയത്. എന്നാൽ ഇത് പ്രകാരം പണം വിതരണം ചെയ്യുന്നതിൽ ബാങ്കുകളുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായി. എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് കൺസോർഷ്യം വഴി ആദ്യം 700 കോടി രൂപ നൽകാനാണ് ധാരണയായത്.  രണ്ടാമത് 280 കോടി രൂപ നൽകാനും ധാരണാപത്രം ഒപ്പുവച്ചു. എന്നാൽ ഓണത്തിന് മുമ്പ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുന്നതിൽ ബാങ്കുകൾ വീഴ്ചവരുത്തി. 12 കോടി രൂപയാണ് എസ്ബിഐ നൽകാനുള്ളത്. കാനറാ ബാങ്ക് ഏഴ് കോടിയും ഫെഡറൽ ബാങ്ക് ആറ് കോടിയും നൽകാനുണ്ടെന്നും മന്ത്രി പറഞ്ഞു.

ആഗസ്റ്റ് 24ന് ഒപ്പുവച്ച കരാർ പ്രകാരം എസ്ബിഐ ആഗസ്റ്റ് 30 വരെ 465 കർഷകർക്കായി 3.04 കോടി രൂപയാണ്  നൽകിയത്. കാനറാ ബാങ്ക്  4000 കർഷകർക്കായി 38.32 കോടി രൂപ (24ന് മാത്രം) നൽകി. പി.ആർ.എസ് ലോണായി നൽകുന്ന തുകയിൽ ഒരു രൂപയുടെ പോലും ബാധ്യത കർഷകന് ഉണ്ടാകുന്നില്ല.  ഈ വായ്പയുടെ മുഴുവൻ പലിശയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസൺ മുതൽ കർഷകർക്ക് പരമാവധി വേഗത്തിൽ പണം നൽകുന്നതിനായി കേരള ബാങ്കുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Read more:പൂവും പച്ചക്കറികളുമടക്കം വിറ്റുണ്ടാക്കിയ വരവ് കോടികൾ, ഇത്തവണത്തെ ഓണച്ചന്തകളിൽ വമ്പൻ നേട്ടം കൊയ്ത് കുടുംബശ്രീ

2018-2019 മുതൽ 2022വരെ നെല്ല് സംഭരണ വിഹിതമായി  637.6 കോടി രൂപ കേന്ദ്രത്തിൽ നിന്നും ഇനിയും ലഭിക്കാനുണ്ട്. വിവിധ ഘട്ടങ്ങളിലായ് ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പണം അനുവദിച്ചിട്ടില്ല. സെപ്റ്റംബർ ആറിന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി കേരളത്തിലെത്തുന്നുണ്ടെന്നും ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.  കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ചില ഇടങ്ങളിൽ പാടശേഖരസമതികളും കാലതാമസം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്നങ്ങളെല്ലാം അടുത്ത സീസണിൽ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സംഭരിച്ച നെല്ലിന്‍റെ പണത്തിനായി ഉപവാസ സമരം ഇരിക്കേണ്ടി വന്ന കർഷകന്‍റെ സ്ഥിതി നിരാശജനകമെന്നാണ് ജയസൂര്യ കുറ്റപ്പെടുത്തിയത്. കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു കൃഷി, വ്യവസായ മന്ത്രിമാരെ സാക്ഷിയാക്കി നടന്‍റെ പ്രതികരണം. തന്‍റെ സുഹൃത്തും നെൽ കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമർശനം. 

ആറ് മാസം മുൻപ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്‍റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. എന്നാല്‍, മന്ത്രി പി രാജീവ് ജയസൂര്യക്ക് അതേ വേദിയിൽ മറുപടി നല്‍കി. കർഷകർക്കുള്ള സംസ്ഥാന വിഹിതം മുടങ്ങിയിട്ടില്ലെന്നും കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി അന്ന് മറുപടി നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!