സംസ്ഥാനത്ത് നിരവധി അപകടങ്ങൾ: നിലമേലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം; ബസ് ഡ്രൈവർ കസ്റ്റഡിയിൽ

By Web Team  |  First Published Dec 24, 2024, 4:43 PM IST

സംസ്ഥാനത്ത് പലയിടത്തായി ഉണ്ടായ വാഹനാപകടങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റു


കൊല്ലം: കൊല്ലം നിലമേലിൽ കെഎസ്ആർടിസി ബസും കാറും  കൂട്ടിയിടിച്ച് അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. ബസിന് പിന്നാലെയെത്തിയ ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. കാർ യാത്രികരായിരുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. സ്ത്രീകളടക്കം പരുക്കേറ്റ യാത്രക്കാരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലമേൽ മുരുക്കുമണ്ണിലാണ് അപകടം നടന്നത്. കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി ഇന്ന് വാഹനാപകടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം കൊരുത്തോട് - മുണ്ടക്കയം പാതയിൽ വണ്ടൻപതാലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ ഒമിനി വാനാണ് ഇടിച്ചത്. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കും പരുക്കേറ്റു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടുപോത്തിന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

Latest Videos

undefined

പമ്പ പാതയിൽ അട്ടത്തോടിന് സമീപത്ത്  കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞും അപകടമുണ്ടായി. ഡ്രൈവർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് പോയ ബസാണ് മറിഞ്ഞത്. ഡ്രൈവർക്ക് പരുക്കേറ്റു. 

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി എലിയറക്കല്ലിലും അപകടമുണ്ടായി. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

തിരുവനന്തപുരം പാറശാല സ്കൂളിന് മുന്‍വശത്ത് ബൈക്ക് യാത്രികന്‍ ലോറി ഇടിച്ച് മരിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് പാസ്റ്റര്‍ വിജയനാണ്  ലോറിയുടെ പിന്‍ ടയര്‍ കയറി ഇറങ്ങി തല്‍ക്ഷണം മരിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ടിപ്പര്‍ അമിതവേഗത്തില്‍ വിജയന്‍റെ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.
 

click me!