എയ്‍ഡഡ് നിയമനം പിഎസ്‍സിക്ക് വിടാനുള്ള നീക്കം; യോജിപ്പെന്ന് വെള്ളാപ്പള്ളി, എതിര്‍ത്ത് കെസിബിസിയും എന്‍എസ്എസും

By Web Team  |  First Published May 25, 2022, 11:12 AM IST

എയ്‍ഡഡ് നിയമനം ഏറ്റെടുക്കുമെന്നത് സര്‍ക്കാരിന്‍റെ ഭീഷണിയാണെന്നും ക്രമക്കേട് നടത്തുന്ന മാനേജ്‍മെന്‍റിനെതിരെയാണ് നടപടി വേണ്ടതെന്നും കെസിബിസി പറഞ്ഞു. 


തിരുവനന്തപുരം: എയ്‍ഡഡ് സ്‌കൂൾ നിയമനങ്ങൾ പിഎസ്‍സിക്ക് വിടാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് എൻഎസ്എസും (NSS) കെസിബിസിയും (KCBC). നിയമനം സർക്കാർ ഏറ്റെടുക്കുന്നത് അംഗീകരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുന്നണിയിൽ ആലോചിക്കാതെ പ്രതികരിക്കാൻ ഇല്ലെന്നാണ് കോൺഗ്രസ് നിലപാട്. എല്ലാ ഇടതു സർക്കാരുകളും നടത്തിയിട്ടുള്ള ഭീഷണി അവർത്തിക്കുകയാണ് പിണറായി സർക്കാർ എന്ന് കെസിബിസി കുറ്റപ്പെടുത്തി. ക്രമക്കേട് നടത്തുന്ന മാനേജ്‍മെന്‍റിനെതിരെയാണ് നടപടി വേണ്ടതെന്നും എയ്ഡഡ് നിയമനങ്ങൾ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തെ എതിർക്കുമെന്നും കെസിബിസി വ്യക്തമാക്കി. 

എയ്‍ഡഡ് നിയമനം പിഎസ്‍സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് എന്‍എസ്എസും വ്യക്തമാക്കി. സിപിഎം നീക്കത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും എൻഎസ്എസ് ജനറല്‍ സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍ എയ്‍ഡഡ് നിയമനം സർക്കാർ ഏറ്റെടുക്കുന്നതിനോട് പൂർണ്ണ യോജിപ്പെന്ന് എസ്എൻഡിപി യോഗം വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സര്‍ക്കാര്‍ ശമ്പളം നല്‍കുമ്പോള്‍ മാനേജ്മെന്‍റ് നിയമം വേണ്ട. സംവരണം പാലിച്ചുള്ള നിയമനം പിഎസ്‍സി നടത്തട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. എയ്‍ഡഡ് മേഖലയിൽ സർക്കാരിന്‍റെ ഏകപക്ഷീയ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ പറഞ്ഞു.

Latest Videos

വിദ്യാഭ്യാസ രംഗത്ത് വന്‍ പൊളിച്ചെഴുത്തിന് സിപിഎം തയാറെടുക്കുകയാണെന്നും എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്നുമാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകു. ലക്ഷങ്ങളും കോടികളും കോഴ നല്‍കാന്‍ കെല്‍പ്പുളളവര്‍ക്ക് മാത്രമാണ് നിലവില്‍ നിയമനം. കോഴയായി മാനേജ്മെന്‍റുകള്‍ വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നും എ കെ ബാലന്‍ ചോദിച്ചു. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്കാര്‍ക്ക് നിയമനമില്ല. പിഎസ്‍സിക്ക് വിട്ടാല്‍ അനാവശ്യ നിയമനങ്ങള്‍ ഒഴിവാക്കാം, സാമ്പത്തിക ബാധ്യതയും കുറയ്ക്കാം. രണ്ടാം പിണറായി സര്‍ക്കാര്‍ ഈ നീക്കത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാലന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംഇഎസും എസ്എന്‍ഡിപിയും ഈ നിര്‍ദേശത്തോടെ യോജിച്ചിട്ടുണ്ട്. മറ്റ് സമുദായങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷ . ഒരു രണ്ടാം വിമോചന സമരം ഇനി കേരളത്തില്‍ സാധ്യമല്ലെന്നും എ കെ ബാലന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read Also : 'എയ് ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണം,ഇനിയും ഭയന്ന് നില്‍ക്കേണ്ട കാര്യമില്ല': എ.കെ.ബാലന്‍

click me!