നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിക്കരുത്: മുഖ്യമന്ത്രിക്ക് കത്തയച്ച് കെസി വേണുഗോപാൽ

By Web Team  |  First Published Aug 30, 2024, 7:12 PM IST

വള്ളംകളി സെപ്റ്റംബറിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ബോട്ട് ക്ലബ്ബുകളുടെയും വള്ളം ഉടമകളുടെയും സംയുക്ത സമിതി രംഗത്ത് വന്നിട്ടുണ്ട്


ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ എംപി കെസി വേണുഗോപാൽ മുഖ്യമന്ത്രിക്ക് കത്തയച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് പത്തിന് നടത്തേണ്ട വള്ളംകളി മാറ്റിവച്ചത്. പിന്നീട് നടത്താമെന്നായിരുന്നു ധാരണ. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്ന സാഹചര്യത്തിൽ നിലപാട് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. സംസ്ഥാന സർക്കാർ അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും കെസി വേണുഗോപാൽ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു.

നെഹ്റു ട്രോഫി വള്ളംകളിക്ക് മൂന്ന് മാസത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ഓരോ ക്ലബും മത്സരത്തിനൊരുങ്ങുന്നത്. 120 ഓളം ആളുകൾ പങ്കെടുക്കുന്ന പരിശീലന ക്യാമ്പുകൾ, തുഴച്ചിൽ കാർക്കുള്ള പ്രത്യേക പരിശീലനം ഭക്ഷണം അങ്ങനെ 80 ലക്ഷത്തോളം രൂപ ഓരോ ക്ലബ്ബുകൾക്കും ചിലവ് വരുന്നുണ്ട്. വള്ളം കളി മാറ്റിവച്ചതോടെ വലിയ സാമ്പത്തിക നഷ്ടത്തിലാണ് ക്ലബ്ബുകൾ. ഇനി വീണ്ടും മത്സരത്തിന് ഇറങ്ങണമെങ്കിലും എല്ലാം ഒന്നുമുതൽ തുടങ്ങണം. ഇതിനും വലിയ ചിലവ് വഹിക്കണം. വള്ളംകളി എന്നു നടത്തും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് ക്ലബ്ബുകളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. കേരള ബോട്ട് ക്ലബ്‌ അസോസിയേഷൻ ഉൾപ്പടെ ഉള്ള സംഘടനകൾ ഓഗസ്റ്റിൽ തന്നെ വള്ളം കളി നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ ഭരണകൂടമൊ സർക്കാരോ വള്ളം കളിയുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ക്ലബ്ബുകളുമായി നടത്തിയിട്ടില്ല. ദിവസങ്ങൾ പിന്നിട്ടിട്ടും വള്ളംകളി എന്ന് നടത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിട്ടുണ്ട്.

Latest Videos

undefined

വള്ളംകളി സെപ്റ്റംബറിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ബോട്ട് ക്ലബ്ബുകളുടെയും വള്ളം ഉടമകളുടെയും സംയുക്ത സമിതി രംഗത്ത് വന്നിട്ടുണ്ട്. ഒക്ടോബർ ആദ്യം വള്ളംകളി മത്സരം സംഘടിപ്പിക്കാനാണ് തീരുമാനം. ലക്ഷങ്ങളുടെ നഷ്ടമാണ് ബോട്ട് ക്ലബ്ബുകൾക്ക് ഉണ്ടായത്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!