കാട്ടാക്കടയിലെ ആൾമാറാട്ടം: മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർക്ക് ഗൂഢാലോചനയിൽ പങ്കെന്ന പരാതിയുമായി കെഎസ്‌യു

By Web Team  |  First Published May 18, 2023, 6:41 PM IST

അനഘ വ്യക്തിപരമായ കാരണങ്ങളാൽ രാജി വെച്ചെന്ന് കോളേജ് പ്രിൻസിപ്പൽ രാജിക്കത്ത് ഹാജരാക്കിക്കൊണ്ട് വ്യക്തമാക്കി


തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ യുയുസി സ്ഥാനത്തെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട് കെഎസ്‌യു പരാതി നൽകി. മന്ത്രി വി. ശിവൻകുട്ടി, എംഎൽഎ ജി. സ്റ്റീഫൻ, കോളേജ് പ്രിൻസിപ്പൾ ജി.ഐ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവർ ഗൂഢാലോചന നടത്തിയാണ് ആൾമാറാട്ടം നടത്തിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും കെഎസ്‌യു നേതാക്കൾ ആവശ്യപ്പെട്ടു. വിജിലൻസ് ഡയറക്ടർക്കാണ് സംഭവത്തിന് പിന്നിലെ അഴിമതിയും ആരോപണവും സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്.

എന്നാൽ യുയുസി സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച അനഘ രാജിവെച്ചത് കൊണ്ടാണ് വിശാഖിന്റെ പേര് നൽകിയതെന്നാണ് പ്രിൻസിപ്പലിന്റെ വാദം. വിശാഖ് തെരഞ്ഞെടുപ്പിൽ ജയിച്ചിരുന്നില്ലെന്നും ജയിച്ചത് അനഘയും ആരോമലുമായിരുന്നെന്നും റിട്ടേണിങ് ഓഫീസർ കേരള സർവകലാശാലയെ അറിയിച്ചു. വിശാഖിന്റെ പേര് ചേർത്തത് പിഴവാണെന്ന വാദമാണ് പ്രിൻസിപ്പൾ ഉന്നയിക്കുന്നത്. അനഘ വ്യക്തിപരമായ കാരണങ്ങളാൽ രാജി വെച്ചെന്ന് അദ്ദേഹം രാജിക്കത്തു ഹാജരാക്കിക്കൊണ്ട് വ്യക്തമാക്കി. എന്നാൽ അനഘയ്ക്ക് പകരം വിശാഖിന്റെ പേര് ചേർത്തത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ പ്രിൻസിപ്പലിന് സാധിച്ചില്ല.

Latest Videos

അതിനിടെ ആൾമാറാട്ടത്തിൽ ഉൾപ്പെട്ട എ.വിശാഖിനെതിരെ സിപിഎം നടപടിയെടുത്തു. സിപിഎം പ്ലാവൂർ ലോക്കൽ കമ്മിറ്റി അംഗമായ വിശാഖിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്റെ പേര് മത്സരിച്ച് ജയിച്ച യുയുസി അനഘയുടെ പേര് മാറ്റി ഉൾപ്പെടുത്തിയതിലാണ് നടപടി. വിശാഖിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെനനാണ് പാർട്ടി വിലയിരുത്തൽ. എസ്എഫ്ഐ കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗമായ വിശാഖിനെ ഇന്നലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും എസ്എഫ്ഐ മാറ്റിയിരുന്നു.

click me!