എസ്എഫ്ഐ ആൾമാറാട്ടത്തിൽ ഇടപെടലോ? ജില്ലാ കമ്മിറ്റിയിൽ വിമർശനം ശക്തമായി; പാർട്ടിക്ക് കത്ത് നൽകി 2 എംഎൽഎമാർ

By Web Team  |  First Published May 21, 2023, 3:45 PM IST

സി പി എം എം എൽ എമാരായ ഐ ബി സതീഷ്, ജി സ്റ്റീഫൻ എന്നിവരാണ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയത്


തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐ ആൾമാറാട്ട വിവാദത്തിൽ പാർട്ടി അന്വേഷണം ആവശ്യപ്പെട്ട് എം എൽ എമാരുടെ കത്ത്. സി പി എം എം എൽ എമാരായ ഐ ബി സതീഷ്, ജി സ്റ്റീഫൻ എന്നിവരാണ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയത്. നേതാക്കൾ അറിയാതെ ആൾമാറാട്ടം നടക്കില്ലെന്നു ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നതിനു പിന്നാലെയാണ് കത്ത്. വിവാദത്തിൽ കാട്ടാക്കട എം എൽ എയായ ഐ ബി സതീഷ്, അരുവിക്കര എം എൽ എയായ ജി സ്റ്റീഫൻ എന്നിവർക്ക് പങ്കുണ്ടെന്ന ആരോപണം വിവിധ കോണുകളിൽ ആദ്യം മുതലേ ഉയർന്നിരുന്നു. ഇതിന് പിന്നാലെ ജില്ലാ കമ്മിറ്റി യോഗത്തിലും വിമർശനം വന്നതോടെയാണ് ഈ എം എൽ എമാർ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയത്.

കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം; ഡിജിപിക്ക് പരാതി നല്‍കി കേരള സർവകലാശാല

Latest Videos

അതിനിടെ എസ് എഫ് ഐ ആൾമാറാട്ട വിഷയത്തിൽ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. ഇന്നലെ ചേർന്ന സിൻ‍ഡിക്കേറ്റ് യോഗ തീരുമാന പ്രകാരമാണ് കേരള സർവകലാശാല രജിസ്ട്രാർ പൊലീസില്‍ പരാതി നൽകിയത്. എസ് എഫ് ഐ നേതാവായിരുന്ന എ വിശാഖിനും പ്രിൻസിപ്പലായിരുന്ന ജി ജെ ഷൈജുവിനുമെതിരെയാണ് പരാതി. ഇരുവരും ആസൂത്രിത നീക്കം നടത്തി, മത്സരിച്ച് ജയിച്ച യു യു സിയുടെ പേര് വെട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്‍റെ പേര് ചേർത്തുവെന്നാണ് പരാതി.

അതേസമയം ആൾമാറാട്ട വിഷയത്തിൽ അഞ്ച് ദിവസം മുമ്പ് കെ എസ്‍ യു സംസ്ഥാന പ്രസി‍ഡന്‍റ് അലോഷ്യസ് സേവ്യർ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് അനങ്ങിയിട്ടില്ല. സംഭവത്തിൽ കക്ഷിയില്ലാത്ത കെ എസ്‍ യു പ്രസിഡന്‍റിന്‍റെ പരാതി നിലനിൽക്കുമോ എന്ന സംശയത്തിലാണ് പൊലീസ്. എന്നാൽ കക്ഷിയല്ലെങ്കിലും ആർക്കും ക്രിമിനൽ കുറ്റം കണ്ടാൽ പരാതി നൽകാമെന്ന സുപ്രീംകോടതിയുടെ വിവിധ ഉത്തരവുകൾ നിലനിൽക്കുന്നുമുണ്ട്.

click me!