എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖിനും പ്രിൻസിപ്പലായിരുന്ന ജി ജെ ഷൈജുവിനുമെതിരെയാണ് പരാതി. ഇരുവരും ആസൂത്രിത നീക്കം നടത്തി മത്സരിച്ച് ജയിച്ച യുയുസിയുടെ പേര് വെട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്‍റെ പേര് ചേർത്തുവെന്നാണ് പരാതി.
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല പൊലീസ് മേധാവിക്ക് പരാതി നൽകി. അതേസമയം, കെഎസ്‍യു നൽകിയ പരാതി നിലനിൽക്കുമോ എന്ന സംശയത്തിൽ അഞ്ച് ദിവസമായിട്ടും പൊലീസ് കേസെടുത്തിട്ടില്ല. തട്ടിപ്പ് അന്വേഷിക്കാൻ കോളേജ് മാനേജ്മെന്റ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
ഇന്നലെ ചേർന്ന സിണ്ടിക്കേറ്റ് യോഗ തീരുമാന പ്രകാരമാണ് കേരള സർവകലാശാല രജിസ്ട്രാർ പൊലീസില്‍ പരാതി നൽകിയത്. എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖിനും പ്രിൻസിപ്പലായിരുന്ന ജി ജെ ഷൈജുവിനുമെതിരെയാണ് പരാതി. ഇരുവരും ആസൂത്രിത നീക്കം നടത്തി മത്സരിച്ച് ജയിച്ച യുയുസിയുടെ പേര് വെട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്‍റെ പേര് ചേർത്തുവെന്നാണ് പരാതി. സംഭവത്തിൽ അഞ്ച് ദിവസം മുമ്പ് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് അനങ്ങിയിട്ടില്ല. സംഭവത്തിൽ കക്ഷിയില്ലാത്ത കെഎസ്‍യു പ്രസിഡന്‍റിൻ്റെ പരാതി നിലനിൽക്കുമോ എന്ന സംശയത്തിലാണ് പൊലീസ്. എന്നാൽ കക്ഷിയല്ലെങ്കിലും ആർക്കും ക്രിമിനൽ കുറ്റം കണ്ടാൽ പരാതി നൽകാമെന്ന സുപ്രീംകോടതിയുടെ വിവിധ ഉത്തരവുകൾ നിലനിൽക്കുന്നുമുണ്ട്.
കെഎസ്‍യു പരാതി അവഗണിക്കുമ്പോഴും പ്രധാനകക്ഷിയായ കേരള സർവകലാശാല നൽകിയ പരാതിയിൽ എന്തായാലും കേസെടുക്കേണ്ട സ്ഥിതിയാണ്. ഇതിനിടെയാണ് സിഎസ്ഐ സഭ നയിക്കുന്ന കോളേജ് മാനേജ്മെൻ്റും അന്വേഷിക്കുന്നത്. കോളേജ് മാനേജർ അടക്കം മൂന്ന് പേർക്കാണ് അന്വേഷണ ചുമതല. ഈ അന്വേഷണ റിപ്പോർട്ടിന് ശേഷം പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് കടക്കും. ഷൈജുവിനെ പ്രിൻസിപ്പിൽ ഇൻ ചാർജ്ജ് സ്ഥാനത്തും നിന്നും മാറ്റിയ സർവ്വകലാശാല കടുതൽ നടപടി എടുക്കാൻ കോളേജിനോട് നിർദ്ദേശിചചിരുന്നു. വിവിധ കോളേജുകളിൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ പട്ടിക സർവ്വകലാശാല ഫെബ്രുവരി 27ന് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ കാട്ടാക്കട കോളേജ് പട്ടിക കൈമാറിയത് മെയ് അഞ്ചിനാണ്. അതും ആൾമാറാട്ടം നടത്തി. വൈകി പട്ടിക നൽകിയത് തന്നെ തട്ടിപ്പ് നടത്താനായിരുന്നുവെന്ന് വ്യക്തമാണ്.