ആദ്യ വേട്ടെണ്ണലിനിടെ സമനയത്ത് മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വളരെ കുറച്ച് നേരം ലീഡ് ചെയ്തത്. പിന്നീട് ഇങ്ങോട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെയായിരുന്നു ലീഡ് നിലയില്‍ മുന്നിട്ട് നിന്നത്.
മൂന്ന് പതിറ്റാണ്ടോളം ഇടത് കോട്ടയായിരുന്ന കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലം 2019-ല്‍ കേരളമാകെ അലയടിച്ച രാഹുല്‍ പ്രഭാവത്തിലാണ് കോണ്‍ഗ്രസിന്‍റെ കൈകളിലേക്കെത്തിയത്. അന്ന് കോൺഗ്രസിന് വേണ്ടി മത്സര രംഗത്തെത്തിയ രാജ്മോഹന്‍ ഉണ്ണിത്താനാണ് കാസർകോട് നിന്നുള്ള ലോകസഭാ വണ്ടി പിടിച്ചത്. നിരവധി പരാജയങ്ങള്‍ക്ക് ശേഷമായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍റെ മിന്നും വിജയം. രണ്ടാമതും വിജയം ആവര്‍ത്തിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്‍റെ ആദ്യ വിജയം വെറും തരംഗം മാത്രമായിരുന്നില്ലെന്ന് 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ തെളിയിച്ചിരിക്കുന്നു.
2024 ല്‍ ഏറ്റവും അവസാന വിവരം ലഭിക്കുമ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ 3,76,525 വോട്ട് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം വി ബാലകൃഷ്ണൻ മാസ്റ്റർ 3,08,036 വോട്ട് നേടി രണ്ടാം സ്ഥാനത്താണ്. അതേസമയം വേട്ടെണ്ണലിനിടെ ആദ്യ സമയത്ത് മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വളരെ കുറച്ച് നേരം ലീഡ് ചെയ്തത്. പിന്നീട് അങ്ങോട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെയായിരുന്നു ലീഡ് നിലയില്‍ മുന്നിട്ട് നിന്നിരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം എൽ അശ്വനി 1,68,152 വോട്ട് നേടി കരുത്ത് തെളിയിച്ചു.
മണ്ഡലത്തില്‍ തീര്‍ത്തും അപ്രശസ്തയായിരുന്നിട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിടിച്ച വോട്ടുകള്‍ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ കരുത്തുറ്റ മത്സരത്തിലേക്ക് കാസര്കോട് നീങ്ങുമെന്നതിന്‍റെ സൂചനകളാണ്. 1957 -ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ഉള്‍പ്പെടുന്നത്. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, മഞ്ചേശ്വരം, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി എന്നി നിയമസഭാ മണ്ഡലങ്ങളാണിവ. ഇതില്‍ അഞ്ചെണ്ണത്തില്‍ ഇടതു മുന്നണിയും രണ്ടെണ്ണത്തില്‍ മുസ്ലിം ലീഗുമാണ് ഭരിക്കുന്നത്.
എകെജി ഉള്‍പ്പെടെ പല പ്രമുഖരും മത്സരിച്ച് വിജയിച്ച മണ്ഡലമാണ് കാസർകോട്. 1957 -ൽ രൂപീകൃതമായ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായിരുന്ന എകെജിക്കായിരുന്നു ആദ്യ വിജയം. പിന്നീട് തുടർച്ചയായി 1962, 1967 വർഷങ്ങളിൽ എകെജി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1971 -ൽ നടന്ന തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത അട്ടിമറി വിജയത്തോടെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രൻ മണ്ഡലം പിടിച്ചു. കേരളം കണ്ട എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരിലൊരാളായിരുന്ന ഇ കെ നായനാരെ തോൽപ്പിച്ചായിരുന്നു കടന്നപ്പള്ളിയുടെ വിജയം.
1989 -ൽ വീണ്ടും ഇടതുമുന്നണിയുടെ വിജയം. കടന്നപ്പള്ളിയിൽ നിന്ന് സിപിഎമ്മിന്‍റെ എം റാമണ്ണ റായ് മണ്ഡലം പിടിച്ചെടുത്തു. തുടർന്ന് ടി ഗോവിന്ദനും പി കരുണാകരനും എൽഡിഎഫിന് വേണ്ടി മണ്ഡലം നിലനിർത്തി. 2019 -ൽ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ കോൺഗ്രസിന്റെ രാജ്മോഹൻ ഉണ്ണിത്താൻ മണ്ഡലം തിരികെ പിടിച്ചു. അന്ന് 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തിയിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍റെ വിജയം.