ഷിരൂർ തെരച്ചലിൽ നിർണായക കണ്ടെത്തൽ; അർജുന്‍റെ ലോറിയുടെ ഭാഗം കണ്ടെത്തുന്നത് ഇതാദ്യം, ആർസി ഉടമ സ്ഥിരീകരിച്ചു

By Web Team  |  First Published Sep 23, 2024, 8:41 PM IST

ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ചുവപ്പും വെള്ളയും പെയിന്‍റ് അടിച്ച ഭാഗമാണ് ഇത്. ലോറി ഉടമ മുബീൻ  ഡ്രഡ്ജറിൽ പോയാണ് ഈ ലോഹഭാഗം തിരിച്ചറിഞ്ഞത്.


ഷിരൂർ: കർണാടകയിലെ ഷിരൂരിൽ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം 3 പേർക്കായുള്ള തെരച്ചിലിൽ നിർണായക കണ്ടെത്തൽ. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി. 
ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലിൽ കിട്ടിയത്. ലോറിയുടെ ആർ സി ഉടമ മുബീൻ ലോഹഭാഗം തിരിച്ചറിഞ്ഞു. മാസങ്ങളായി നടത്തുന്ന തെരച്ലിൽ അർജുന്‍റെ  ലോറിയുടെ ലോഹഭാഗം കിട്ടുന്നത് ഇതാദ്യമാണ്.

ലോഹഭാഗത്തിന്റെ ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ചുവപ്പും വെള്ളയും പെയിന്‍റ് അടിച്ച ഭാഗമാണ് ഇത്. ലോറി ഉടമ മുബീൻ  ഡ്രഡ്ജറിൽ പോയാണ് ഈ ലോഹഭാഗം തിരിച്ചറിഞ്ഞത്. നാവികസേന മാർക്ക് ചെയ്ത ഇടത്തിന് സമീപം ആണ് ഈ റോഡ് കിട്ടിയിരിക്കുന്നത്. അർജുന്റെ ലോറിയുടേത് എന്ന് സ്ഥിരീകരിക്കുന്ന ഒരു ലോഹഭാഗം ഈ ഘട്ടത്തിലെ തെരച്ചിലിൽ ഇത് ആദ്യമായാണ് കിട്ടുന്നത്. നേരത്തെ ലോറിയിലുണ്ടായിരുന്ന അക്യേഷ്യ മരത്തടികളും, ലോഡ് കെട്ടുന്ന കയറും കിട്ടിയിരുന്നു.

Latest Videos

ഇന്ന് ഇന്ന് ​ഗം​ഗാവലി പുഴയിൽ നടത്തിയ തെരച്ചിലിൽ മറ്റൊരു ലോറിയുടെ ഭാ​ഗം കണ്ടെത്തിയിരുന്നു. ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് 4 ടയറുകളോട് കൂടിയ ലോറിയുടെ പിൻഭാഗം കണ്ടെത്തിയത്. അർജുന്‍റെ ലോറിയുടേതാണെന്ന് കരുതിയെങ്കിലും പിന്നീട് ഇത് മറ്റൊരു ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചു. അർജുന്‍റെ ലോറി കണ്ടെത്താനായുള്ള തെരച്ചിൽ നാളെയും തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു.

നാളെ റെഡ് അലർട്ട് ആയതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചിൽ തുടരുക. സാഹചര്യം അനുകൂലമല്ലെങ്കിൽ തല്ക്കാലം ഒരു ദിവസം മാത്രമേ തെരച്ചിൽ നിർത്തുകയുളളൂ. നാവിക സേനയും ഐബോഡും കണ്ടെത്തിയ സ്പോട്ടുകളിൽ ആണ് പരിശോധന തുടരുന്നത്. അർജുന്റെ കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധന തുടരുന്നത്. അതേ സമയം, മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ കണ്ടെത്തിയ അസ്ഥി മനുഷ്യന്‍റേതല്ലെന്ന് സ്ഥിരീകരിച്ചു. പശുവിന്‍റെ അസ്ഥിയാണ് പുഴയിൽ നിന്ന് കണ്ടെത്തിയതെന്ന് മംഗളുരുവിലെ എഫ്എസ്എൽ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. മനുഷ്യന്റെ എല്ലിന്റെ ഭാഗം എന്ന പ്രചാരണം തെറ്റാണെന്നും  ലക്ഷ്മി പ്രിയ വ്യക്തമാക്കി.

വീഡിയോ സ്റ്റോറി

Read More : ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ അമ്പെയ്തു, തലയോട്ടി തുളച്ച് കയറി; ഗുരുതര പരിക്കേറ്റു

click me!