ജാതിതിരിഞ്ഞ് ഒറ്റക്കെട്ടായി കോൺഗ്രസ്-ബിജെപി എംഎൽഎമാര്‍: ജാതി സെൻസസിന്റെ പേരിൽ കര്‍ണാടകത്തിൽ വീണ്ടും പ്രതിസന്ധി

By Web Team  |  First Published Dec 16, 2023, 11:42 AM IST

പുതിയ ജാതി സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലിംഗായത്ത് - വൊക്കലിംഗ വിഭാഗങ്ങളുടെ പല സംവരണ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു


ബെംഗളൂരു: ജാതി സെൻസസിന്‍റെ പേരിൽ കർണാടകയിൽ വീണ്ടും പ്രതിസന്ധി. ജാതി സെൻസസ് റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെയും ബിജെപിയുടെയും ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള എംഎൽഎമാര്‍ സര്‍ക്കാരിന് സംയുക്ത നിവേദനം നൽകി. കർണാടകയിൽ നിലവിലുള്ള ജാതിസെൻസസ് റിപ്പോർട്ട് പുറത്ത് വിടരുതെന്നാണ് ആവശ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് പാര്‍ട്ടി ഭിന്നത മറന്ന് സമുദായ ഐക്യം മുൻനിര്‍ത്തി എംഎൽഎമാര്‍ നിവേദനം നൽകിയത്.

ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള 49 എംഎൽഎമാരാണ് സംയുക്ത നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്. നിലവിലെ ജാതി സെൻസസ് റിപ്പോർട്ട് ശാസ്ത്രീയമായി തയ്യാറാക്കിയതല്ലെന്ന് എംഎൽമാരുടെ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. പല ആളുകളുടെയും വിവരങ്ങൾ വിട്ട് പോയതായി വ്യാപകമായ പരാതികളുണ്ടെന്നും നിവേദനത്തിൽ പറയുന്നു. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അടക്കമുള്ള വൊക്കലിംഗ സമുദായത്തിൽ നിന്നുള്ള എംഎൽഎമാരും നിലവിലെ ജാതി സെൻസസ് റിപ്പോർട്ടിന് അടിസ്ഥാനമായ വിവരങ്ങൾ ശേഖരിച്ചതിൽ പിഴവുകളുണ്ടെന്ന് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

Latest Videos

ജാതി സെൻസസ് റിപ്പോർട്ട് 2017-ലാണ് അന്നത്തെ കർണാടക സർക്കാരിന് സമർപ്പിച്ചത്. എന്നാൽ അതിലെ വിവരങ്ങൾ അന്നോ അതിന് ശേഷം ഇതുവരെയോ പുറത്ത് വിട്ടിരുന്നില്ല. പുതിയ ജാതി സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലിംഗായത്ത് - വൊക്കലിംഗ വിഭാഗങ്ങളുടെ പല സംവരണ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് രാഷ്ട്രീയം മറന്ന് സാമുദായിക താത്പര്യം മുൻനിര്‍ത്തി എംഎൽഎമാര്‍ നിവേദനം നൽകിയത്.

അതിനിടെ സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തിങ്കളാഴ്ച ദില്ലിയിൽ എത്തും. ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യാത്രയെങ്കിലും സംസ്ഥാനത്ത് വീണ്ടും സജീവമായ ജാതി സെൻസസ് പ്രതിസന്ധിയും നേതാക്കൾ ചര്‍ച്ച ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!