സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല; ഗുരുതര ആരോപണവുമായി ഡ്രൈവര്‍; 'ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടമായി'

By Web Desk  |  First Published Jan 1, 2025, 7:52 PM IST

കണ്ണൂരിലെ വളക്കൈയിലെ സ്കൂള്‍ ബസ് അപകടത്തിൽ ഗുരുതര ആരോപണവുമായി ബസ് ഓടിച്ച ഡ്രൈവര്‍. സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ഇറക്കത്തിൽ വെച്ച് ബ്രേക്ക് പോയെന്നും ഡ്രൈവര്‍ നിസാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു


കണ്ണൂര്‍: കണ്ണൂരിലെ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അ‍ഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിക്കുകയും 18 കുട്ടികള്‍ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി ബസ് ഓടിച്ച ഡ്രൈവര്‍. സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറിൽ തീര്‍ന്നതാണെന്നും ഡ്രൈവര്‍ നിസാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടത്തിൽ കാലിന് ഉള്‍പ്പെടെ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ വെളിപ്പെടുത്തിയത്. പുതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്.

സെക്കന്‍ഡ് ഗിയറില്‍ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. ഇറക്കത്തിലെ വളവിൽ വെച്ചാണ് പെട്ടെന്ന് ബ്രേക്ക് പോയത്. ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുന്നിൽ ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസിൽ നിന്ന് തെറിച്ച് വീണുവെന്ന് പിന്നീടാണ് അറിഞ്ഞത്. കുട്ടി ബസിന് അടിയിൽ കുടുങ്ങിപോയി. അപകടത്തിൽ കാലിന് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. ബസിന്‍റെ ഫിറ്റ്നസ് ഡിസംബര്‍ പുതുക്കാൻ പോയപ്പോള്‍ ആര്‍ടിഒ മടക്കി അയക്കുകയായിരുന്നു.

Latest Videos

ബസിന്‍റെ ബ്രേക്കിന് ഉള്‍പ്പെടെ പല പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാര്യം സ്കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു.  പുതുക്കാൻ പോയപ്പോള്‍ തകരാറുകല്‍ ചൂണ്ടികാട്ടിയാണ് ആര്‍ടിഒ മടക്കി അയച്ചത്. അവധിക്കാലം കഴിഞ്ഞ് പുതിയ ബസ് ഇറക്കുംവരെ ഈ ബസ് ഓടിക്കാമെന്നാണ് സ്കൂള്‍ അധികൃതര്‍ പറഞ്ഞത്. ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നും നിസാം പറഞ്ഞു.  അതേസമയം, അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകട കാരണമായെന്നാണ് പ്രാഥമിക നിഗമനമെന്നാണ് എഎംവിഐ ബിബിൻ രവീന്ദ്രൻ പറഞ്ഞത്.

ഫിറ്റ്നസ് തീര്‍ന്ന സ്കൂള്‍ വാഹനങ്ങളുടെ കാലാവധി ഏപ്രിൽ വരെ നീട്ടി നൽകികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ മാസം 18നണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ തുടര്‍ന്നാണ് ഫിറ്റ്നസ് കഴിഞ്ഞിട്ടും അപകടത്തിൽപ്പെട്ട ബസ് ഓടിച്ചിരുന്നത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് കണ്ണൂര്‍ വളക്കൈയിൽ വെച്ച് ദാരുണമായ അപകടം ഉണ്ടായത്. 

കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിൽ ബസിൽ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബസിനടയിൽപ്പെട്ടു. ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ 18 കുട്ടികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

കണ്ണൂരിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 18പേര്‍ക്ക് പരിക്ക്

104പേരെ നൃത്ത പരിപാടിക്ക് എത്തിച്ചു; ഓരോ കുട്ടിക്കും 900രൂപ വീതം കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അധ്യാപിക

click me!