കണ്ണൂർ സ്കൂൾ ബസ് അപകടം; ആക്ഷേപം സർക്കാരിലേക്ക്, ഫിറ്റ്നസ് തീർന്ന ബസുകൾക്ക് ചട്ടവിരുദ്ധമായി കാലാവധി നീട്ടി നൽകി

By Web Desk  |  First Published Jan 2, 2025, 6:57 AM IST

ഗതാഗത വകുപ്പിൻ്റെ നടപടി ചട്ടവിരുദ്ധമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് നീട്ടി നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരം. 


കണ്ണൂർ: കണ്ണൂർ സ്കൂൾ ബസ് അപകടത്തില്‍ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുന്നു. ഫിറ്റ്നസ് അവസാനിച്ച സ്കൂൾ ബസുകൾക്ക് ഗതാഗത കമ്മീഷണർ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നൽകി. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. സ്കൂൾ മാനേജ്മെൻ്റിൻ്റെ ആവശ്യ പ്രകാരം നീട്ടി നൽകാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. പ്രവൃത്തി ദിവസങ്ങളിൽ ഫിറ്റ്നസ് പരിശോധന നടത്തിയാൽ സർവ്വീസ് മുടങ്ങുമെന്നായിരുന്നു സ്കൂളുകളുടെ പരാതി. ഇതിനെതിരെയാണ് ആക്ഷേപം ഉയരുന്നത്. 

ഗതാഗത വകുപ്പിൻ്റെ നടപടി ചട്ടവിരുദ്ധമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് നീട്ടി നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരം. ഫിറ്റ്നസ് നീട്ടി നൽകാൻ മന്ത്രിക്കോ ഗതാഗത കമ്മീഷണർക്കോ അധികാരമില്ലാതിക്കെയാണ് നീട്ടി നൽകിയത്. ഫിറ്റ്നസ് കഴിഞ്ഞ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസും ലഭിക്കില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറിൽ തീര്‍ന്നതാണെന്നുമാണ് ഡ്രൈവര്‍ നിസാം ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. അപകടത്തിൽ കാലിന് ഉള്‍പ്പെടെ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ വെളിപ്പെടുത്തിയത്. 

Latest Videos

Also Read: കണ്ണൂർ സ്കൂൾ ബസ് അപകടം; യന്ത്രത്തകരാറില്ലെന്ന് എംവിഡി‍ പ്രാഥമിക റിപ്പോർട്ട്, ഡ്രൈവറുടെ അശ്രദ്ധയെന്ന് നിഗമനം

പുതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്. സെക്കന്‍ഡ് ഗിയറില്‍ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. ഇറക്കത്തിലെ വളവിൽ വെച്ചാണ് പെട്ടെന്ന് ബ്രേക്ക് പോയത്. ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുന്നിൽ ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസിൽ നിന്ന് തെറിച്ച് വീണുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡ്രൈവര്‍ പ്രതികരിച്ചു.

അതേസമയം, സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം. ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാധ്യതയുടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് പറഞ്ഞു. ബസിന് തകരാറുകൾ ഇല്ലായിരുന്നുവെന്ന് ചിന്മയ സ്കൂൾ പ്രിൻസിപ്പാളും പറയുന്നു. ബ്രേക്കിന് തകരാറുണ്ടെന്ന് ഡ്രൈവർ അറിയിച്ചിരുന്നില്ല. ബസിന് 2027 വരെ പെർമിറ്റ് ഉണ്ടെന്നും ഫിറ്റ്നസ് നീട്ടിക്കിട്ടിയതാണെന്നും പ്രിൻസിപ്പാൾ ശശികുമാർ പറഞ്ഞു. നാല് മാസം മുമ്പാണ് ഡ്രൈവറെ നിയമിച്ചത് പ്രിൻസിപ്പാൾ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!