ചെങ്കോട്ട തകർത്ത് കെ സുധാകരൻ; പ്രതികൂല സാഹചര്യത്തിലും പടവെട്ടി നേടിയ വിജയം

By Web Team  |  First Published Jun 4, 2024, 11:45 PM IST

അനുകൂല സാഹചര്യങ്ങൾ ഏറ്റവും കുറഞ്ഞ പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്തവണ സുധാകരന്റേത് എന്നത് തന്നെയാണ് എടുത്ത് പറയേണ്ട കാര്യം. എല്ലാ വെല്ലുവിളികളും മറികടന്ന് വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയിരിക്കുകയാണ്  കെ സുധാകരൻ. 


കണ്ണൂർ എന്ന് കേൾക്കുമ്പോൾ തന്നെ ചെങ്കോട്ട എന്നാണ് പൊതുവേയുള്ള ധാരണ. കമ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ സ്വാധീനമുള്ള ജില്ലയാണെങ്കിലും പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മേധാവിത്വം പലപ്പോഴും പ്രകടമായിട്ടുണ്ട്. ഇത്തവണയും കോൺഗ്രസിന്റെ കരുത്ത് തെളിയിച്ചുകൊണ്ടാണ് കെ സുധാകരൻ വെന്നിക്കൊടി പാറിക്കുന്നത്. കണ്ണൂരിലെ റെക്കോഡ് ജയവും കേരളത്തിൽ യുഡിഎഫിന്‍റെ വമ്പൻ നേട്ടവും കൂടുതൽ കരുത്തനാക്കുന്നത്  കെപിസിസി പ്രസിഡന്റ് കെ സുധാകരനെയാണ്. അനുകൂല സാഹചര്യങ്ങൾ ഏറ്റവും കുറഞ്ഞ പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്തവണ സുധാകരന്റേത് എന്നത് തന്നെയാണ് എടുത്ത് പറയേണ്ട കാര്യം. എല്ലാ വെല്ലുവിളികളും മറികടന്ന് വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയിരിക്കുകയാണ്  കെ സുധാകരൻ. 

2024 തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ കെ സുധാകരൻ നേടിയ ആകെ വോട്ട് 518524 ആണ്. എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ 409542 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി സി രഘുനാഥ് 119876 വോട്ടുകൾ നേടി.

Latest Videos

ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ഉള്‍പ്പെടുന്നത്. തളിപ്പറമ്പ്, ഇരിക്കൂര്‍,അഴിക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍. ഇ നിയോജക മണ്ഡലങ്ങളെല്ലാം കണ്ണൂർ ജില്ലയിൽ മാത്രം ഉൾപ്പെടുന്നതാണ്. മണ്ഡലങ്ങളില്‍ അഞ്ചിടങ്ങളിലും ഇടതു മുന്നണിയാണ് ഭരിക്കുന്നതെങ്കിലും 1999 മുതല്‍ 2019 വരെ പാര്‍ലമെന്റിലേക്ക് ഇടതും വലതും മാറി മറിഞ്ഞ് ജയിക്കാറുള്ള മണ്ഡലമാണിത്. 

1977ല്‍ സിപിഐയിലെ സികെ ചന്ദ്രപ്പനായിരുന്നു ആദ്യമായി മണ്ഡലത്തിൽ നിന്ന് ജയിച്ചത്. കോൺ​ഗ്രസിലെ കെ കുഞ്ഞമ്പുവിനായിരുന്നു അടുത്ത വിജയം. പിന്നീട് തുടർച്ചയായി 5 തവണ കോൺ​ഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രനാണ് മണ്ഡലത്തെ പ്രതിനീധീകരിച്ച് ലോക്സഭയിലെത്തിയത്. സിപിഎമ്മിന്റെ ടിക്കറ്റിൽ രണ്ടു തവണ 1999ലും 2004ലും അബ്ദുള്ളക്കുട്ടി ജയിച്ചു കയറി. 2009ൽ അബ്ദുള്ളക്കുട്ടിയിൽ നിന്ന് കെ സുധാകരൻ മണ്ഡലം തിരിച്ചെടുത്തു. പികെ ശ്രീമതി ടീച്ചറെ ഇറക്കി മണ്ഡലത്തിൽ സിപിഎം തിരിച്ചെത്തിയെങ്കിലും 2019ൽ കെ സുധാകരൻ തന്നെ കണ്ണൂരിൽ ആധിപത്യം നേടി. വീണ്ടും ലോക്സഭ ലക്ഷ്യം വെക്കുന്ന കെ സുധാകരന് 2019-ല്‍ ലഭിച്ചത് 94,559 വോട്ടിന്റെ ഭൂരിപക്ഷമാണ്. അരലക്ഷത്തോളം പുതിയ വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

click me!