കണ്ണൂർ സിപിഎമ്മിലും തലമുറ മാറ്റം; കെകെ രാഗേഷ് പാർട്ടി ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റി അംഗീകരിച്ചു

Published : Apr 15, 2025, 11:00 AM ISTUpdated : Apr 15, 2025, 12:51 PM IST
കണ്ണൂർ സിപിഎമ്മിലും തലമുറ മാറ്റം; കെകെ രാഗേഷ് പാർട്ടി ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റി അംഗീകരിച്ചു

Synopsis

ജില്ലയിലെ മുതിർന്ന നേതാക്കളെയടക്കം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാന തീരുമാനം കെകെ രാഗേഷ് എന്ന പേരിലെത്തി

കണ്ണൂർ: പുതിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെക രാഗേഷിനെ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയിൽ നിന്ന് രാഗേഷ് മാറും.

സിപിഎമ്മിൻ്റെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ജില്ലാ കമ്മിറ്റിയാണ് കണ്ണൂരിലേത്. കെ പി ആർ ഗോപാലൻ മുതൽ ചടയൻ ഗോവിന്ദനും പിണറായിയും കോടിയേരിയും ഇപിയും എം വി ഗോവിന്ദനും ഇരുന്ന പദവിയിലാണ് രാഗേഷിന്റെ ഊഴം. പാർട്ടിയിൽ വരുംകാല നേതൃത്വത്തിന്റെ പ്രഖ്യാപനമാകുന്ന കണ്ണൂർ സെക്രട്ടറി സ്ഥാനത്ത് രാഗേഷിനെ നിശ്ചയിക്കാൻ മുഖ്യമന്ത്രി നേരിട്ട് ജില്ലാ കമ്മിറ്റി യോഗത്തിനെത്തി. എം വി ഗോവിന്ദനും പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, പനോളി വത്സൻ, എൻ ചന്ദ്രൻ, എം.പ്രകാശൻ എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടെങ്കിലും നിർണായകമായത് മുഖ്യമന്ത്രിയുടെ തീരുമാനമായിരുന്നു.

എസ്എഫ്ഐയുടെ അഖിലേന്ത്യാ സെക്രട്ടറിയായ ഏക മലയാളി, കിസാൻ സഭയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, മുൻ രാജ്യസഭാ എംപിയുമായ രാഗേഷിന് രണ്ടാം നിരയിലെ സീനിയോറിറ്റിയും അനുകൂലമായി. തലമുറ മാറ്റം നടപ്പായപ്പോൾ മുതിർന്ന നേതാക്കൾ പട്ടികയിൽ പിന്നിലായി. എം വി ജയരാജൻ രാഗേഷിനെ നിർദേശിച്ചു. മറ്റ് പേരുകൾ ഉയർന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് താത്കാലിക സെക്രട്ടറിയായ ടി വി രാജേഷിനും രാഗേഷ് വന്നപ്പോൾ വഴിയടഞ്ഞു.

പാർലമെന്ററി രംഗത്തല്ലാതെ കണ്ണൂർ കേന്ദ്രീകരിച്ചു മുൻപ് പ്രവർത്തിച്ചിട്ടില്ലാത്ത രാഗേഷിന് ഏറ്റവും പ്രധാനപ്പെട്ട ജില്ലാ ഘടകത്തിന്റെ തലപ്പത്തെത്തുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. ഒറ്റക്കെട്ടായി നീങ്ങിയ കണ്ണൂർ പാർട്ടിയിൽ ഇന്ന് നേതാക്കൾ പല തുരുത്തുകളിലാണ്. ഭിന്നിപ്പ് പാർട്ടി ലൈൻ കടക്കാതിരുന്നതിൽ എം വി ജയരാജന്റെ നയതന്ത്രം ജില്ലയിൽ സിപിഎമ്മിനെ തുണച്ചിരുന്നു. കെ കെ രാഗേഷിന് അതിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നതാണ് ശ്രദ്ധേയം. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയും ശക്തി കേന്ദ്രങ്ങളിലെ ബിജെപി വളർച്ചയും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർത്തിയ ക്ഷീണം മാറ്റുകയും വേണം. 

തദ്ദേശ തെരഞ്ഞെടുപ്പും രണ്ടാം തുടർ ഭരണം ലക്ഷ്യമിടുന്ന നിയമസഭാ തെരഞ്ഞെടുപ്പും കണ്ണൂർ പാർട്ടിക്കും നിർണായകമാണ്. പങ്കാളി പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മൗനം പാലിച്ച രാഗേഷിന്, പുതിയ പദവിയിലെത്തുമ്പോൾ അത് മതിയാകില്ല. കണ്ണൂർ ഘടകത്തിന്‍റെ നിലപാട് സംസ്ഥാന സിപിഎമ്മിന്‍റെ തീരുമാനങ്ങളിൽ നിർണായകമാകുമെന്നിരിക്കെ, മുഖ്യമന്ത്രിയുടെ പിന്തുണയിൽ കെ.കെ രാഗേഷിന്‍റെ വരവ് ഭാവി മുന്നിൽ കണ്ടാണെന്നത് നിശ്ചയം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്