കുറയുന്ന സർവീസുകൾ, കൂടുന്ന നഷ്ടക്കണക്ക്; ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ കിയാൽ, വാര്‍ഷിക പൊതുയോഗം വീണ്ടും ഓൺലൈനിൽ

By Web Team  |  First Published Sep 9, 2024, 9:32 AM IST

2017 മുതൽ സിഎജി ഓഡിറ്റില്ല. വിവരാകാശ പരിധിയിലില്ല. പതിനെട്ടായിരത്തോളം വരുന്ന കിയാൽ ഓഹരി ഉടമകൾക്ക് ഇതേക്കുറിച്ചെല്ലാം പറയാനും ചോദിക്കാനും അവസരം കിട്ടുക വാർഷിക പൊതുയോഗത്തിലാണ്. വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനായി നടത്തുന്നത് ചോദ്യങ്ങൾക്ക് മറുപടി നൽകാതിരിക്കാനുളള ഒളിച്ചുകളിയെന്നാണ് ആക്ഷേപം.


കണ്ണൂർ: കണ്ണൂർ വിമാനത്താവള കമ്പനിയുടെ വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനായി നടത്തുന്നതിനെതിരെ ഓഹരി ഉടമകൾ. ചോദ്യങ്ങൾക്ക് മറുപടി നൽകാതിരിക്കാനുളള ഒളിച്ചുകളിയെന്നാണ് ആക്ഷേപം. കിയാൽ നടപടിയിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ഓഹരി ഉടമകൾ കണ്ണൂരിൽ യോഗം ചേർന്നു.

കണ്ണൂർ വിമാനത്താവളത്തിൽ പ്രതിസന്ധി കാലം തീരുന്നില്ല. സർവീസുകൾ കുറയുകയും നഷ്ടക്കണക്ക് കൂടുകയും ചെയ്യുന്നു. 2017 മുതൽ സിഎജി ഓഡിറ്റില്ല. വിവരാകാശ പരിധിയിലില്ല. പതിനെട്ടായിരത്തോളം വരുന്ന കിയാൽ ഓഹരി ഉടമകൾക്ക് ഇതേക്കുറിച്ചെല്ലാം പറയാനും ചോദിക്കാനും അവസരം കിട്ടുക വാർഷിക പൊതുയോഗത്തിലാണ്. കൊവിഡ് ചൂണ്ടിക്കാട്ടി 2021 മുതൽ യോഗം ഓൺലൈനിലായി. കൊവിഡ് ഭീതി ഒഴിഞ്ഞ ശേഷവും സ്ഥിതി മാറിയില്ല. ഈ വർഷവും യോഗം സെപ്തംബർ 23ന് ഓൺലൈനിൽ. പൊതുയോഗ അറിയിപ്പ് സിപിഎം മുഖപത്രത്തിൽ മാത്രം കമ്പനി നൽകി.

Latest Videos

undefined

ഓണ്‍ലൈൻ യോഗം പത്തോ ഇരുപതോ മിനിട്ട് മാത്രമേ കാണൂ. 1000 പേർക്കോ മറ്റോ ജോയിൻ ചെയ്യാം. കൂടിവന്നാൽ 20 പേർക്കേ ചോദ്യം ചോദിക്കാൻ അവസരം ലഭിക്കൂവെന്ന് ഓഹരി ഉടമ സി പി സലീം പറഞ്ഞു. പല നടപടികളിലും ചോദ്യങ്ങൾ ഉയരുമെന്നതിനാൽ, ഓഹരി ഉടമകൾ നേരിട്ട് പങ്കെടുക്കുന്നത് ഒഴിവാക്കാനുളള ശ്രമമെന്നാണ് ആക്ഷേപം. ഓൺലൈൻ യോഗത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ഓഹരി ഉടമകൾ കണ്ണൂരിൽ യോഗം ചേർന്നു. വീഴ്ചകൾ കമ്പനികാര്യ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിലെത്തിക്കാനാണ് തീരുമാനം. ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പങ്കെടുക്കുന്ന വാർഷിക പൊതുയോഗം വിമാനത്താവളം തുടങ്ങിയ ശേഷം രണ്ട് തവണ മാത്രമാണ് നേരിട്ട് നടന്നത്.

കേരളത്തിൽ ഇതാദ്യം,എറണാകുളം - ഷൊര്‍ണൂര്‍ പാതയിൽ 'കവച്' വരുന്നു; സുരക്ഷ 106 കിലോമീറ്ററിൽ, ചെലവ് 67.99 കോടി

click me!