ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താല്‍ നടത്തുന്നത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബിജെപി ഹർത്താൽ ആചരിക്കുന്നത്.
കണ്ണൂര്‍/പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍റെ ബാബുവിന്‍റെ മരണത്തിൽ ആളിക്കത്തി പ്രതിഷേധം. ഇന്ന് സംസ്ഥാന വ്യാപകമായി റവന്യൂ ഉദ്യോഗസ്ഥർ അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താൽ നടത്തുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താല്‍ നടത്തുന്നത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബിജെപി ഹർത്താൽ ആചരിക്കുന്നത്.
അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് പഞ്ചായത്തിൽ ഹര്‍ത്താല്‍ ആചരിക്കുക. അവശ്യ സര്‍വീസുകളെ ഹര്‍ത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിരമിക്കാൻ ഏഴ് മാസം മാത്രം ബാക്കി നിൽക്കെയാണ് കണ്ണൂർ എഡിഎം നവീൻ ബാബു അഴിമതിയാരോപണത്തിൽ മനംനൊന്ത് ജീവനൊടുക്കിയത്.
നേരത്തെ കാസർകോട് എഡിഎം ആയിരുന്ന നവീൻ ബാബു അവിടെ നിന്നാണ് കണ്ണൂരിലെത്തിയത്. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലമാറ്റം ലഭിച്ചതോടെ ഇന്ന് പോകാനിരിക്കെയാണ് മരണം. യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ, കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് വേദി വിട്ടത്.
ചെങ്ങളായിയിൽ ഒരു സംരംഭകന്‍റെ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ചെന്നാണ് ആരോപണം ഉന്നയിച്ചത്. സ്ഥലം മാറ്റ ഉത്തരവ് വന്നതിന് പിന്നാലെ അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പി പി ദിവ്യയുടെ പ്രസംഗം. ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം