ഉമ തോമസ് എംഎൽഎ ചോദ്യങ്ങളോട് പ്രതികരിച്ചത് ആശാവഹമായ പുരോഗതിയാണെന്നും എന്നാൽ ഗുരുതരാവസ്ഥയിൽ തന്നെയാണെന്നും ഡോക്ടര്‍മാര്‍. അമ്മേ എന്ന് വിളിച്ചപ്പോള്‍ വിളി കേട്ടുവെന്നും ചിരിച്ചുവെന്നും മകൻ വിഷ്ണു പറഞ്ഞു
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണെന്നും ആശാവഹമായ പുരോഗതിയുണ്ടെന്നും റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍. ഉമ തോമസിന്‍റെ ആരോഗ്യത്തിൽ ആശാവഹമായ പുരോഗതിയുണ്ടെങ്കിലും വെന്‍റിലേറ്ററിൽ തന്നെയാണ് ഇപ്പോഴും.
മകൻ ചോദിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചു. കണ്ണുകള്‍ തുറന്നുവെന്നും കൈകാലുകള്‍ അനക്കിയെന്നും ചിരിച്ചുവെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളം. തലച്ചോറിലെ പരിക്കിൽ ഉള്‍പ്പെടെ ആശാവഹമായ പുരോഗതിയുണ്ട്.
ശ്വാസകോശത്തിലെ പരിക്ക് വെല്ലുവിളിയാണ്. ഇന്നലത്തെ എക്സറേയിൽ നേരിയ പുരോഗതിയുണ്ട്. വാരിയെല്ല് പൊട്ടിയതിന്‍റെ പരിക്ക് ഭേദമാക്കേണ്ടതുണഅട്. ആന്‍റി ബയോട്ടിക്കുകളോട് അവര്‍ പ്രതികരിക്കുന്നുണ്ട്. ഗുരുതരാവസ്ഥ മാറണമെങ്കിൽ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി 24 മണിക്കൂര്‍ നിരീക്ഷിക്കേണ്ടതുണ്ട്. ഇന്‍ഫെക്ഷൻ കുറഞ്ഞോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല.
തുടര്‍ ചികിത്സ പ്രധാനമാണെന്നും ആന്‍റി ബയോട്ടിക്കുകള്‍ നൽകുന്നുണ്ടെന്നും ട്യൂബിലുടെയാണ് ഭക്ഷണം കൊടുക്കുന്നതെന്നും ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മേ എന്ന് വിളിച്ചപ്പോള്‍ വിളി കേട്ടുവെന്നും ചിരിച്ചുവെന്നും മകൻ വിഷ്ണു പറഞ്ഞു. രാവിലെ പോയി കണ്ടപ്പോള്‍ കൈകാലുകള്‍ അനക്കി. ചോദ്യങ്ങളോട് പ്രതികരിച്ചു. കണ്ണുകള്‍ തുറക്കുകയും ചെയ്തുവെന്നും മകൻ വിഷ്ണു പറഞ്ഞു.
ആദ്യം കണ്ണു തുറക്കാൻ പറഞ്ഞപ്പോള്‍ കണ്ണു തുറന്നു. പിന്നെ കൈകള്‍ അനക്കാൻ പറഞ്ഞു. അപ്പോള്‍ കൈകള്‍ അനക്കി. കാലുകള്‍ അനക്കാൻ പറഞ്ഞപ്പോള്‍ അതും ചെയ്തു. പിന്നീട് ഷേക്ക് ഹാന്‍ഡ് നൽകാൻ കൈ നീട്ടിയപ്പോള്‍ തിരിച്ച് മുറുകെ പിടിച്ചു. പറയുന്ന കാര്യങ്ങളോട് അമ്മ പ്രതികരിച്ച് പ്രതീക്ഷ നൽകുന്നതാണെന്നും മകൻ വിഷ്ണു പറഞ്ഞു.
ഉമ തോമസിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 9.30ന് ചേര്‍ന്ന മെഡിക്കൽ ബോര്‍ഡ് യോഗത്തിനുശേഷം വിശദമായ മെഡിക്കൽ ബുള്ളറ്റിനും പുറത്തിറക്കി.
മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്:
തലയുടെയും നട്ടെല്ലിന്‍റെയും പരിക്കിന്‍റെ ചികിത്സയിൽ ആശാവഹമായ പുരോഗതിയുണ്ടെന്നും തലച്ചോറിന്‍റെ ആരോഗ്യവും ബോധാവസ്ഥയും അളക്കുന്നതിനായി സെഡേഷന്‍റെ അളവ് കുറച്ചപ്പോള്‍ രാവിലെ ഏഴോടെ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളോട് അനുകൂലമായി ഉമ തോമസ് പ്രതികരിച്ചുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ഡോക്ടറുടെ നിര്‍ദേശാനുസരണം കൈകളും കാലുകളും ചലിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിനകത്ത് മക്കളെ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തു. ഇത് തലച്ചോറിന്‍റെയും നട്ടെല്ലിന്‍റെയും പരിക്കിന്‍റെ ചികിത്സയിൽ വളരെ ആശാവഹമായ പുരോഗതിയാണ്. എന്നാലും ശ്വാസകോശത്തിന്‍റെ അവസ്ഥ സാരമായി തുടരുകയാണ്. ഇന്നലത്തെ അപേക്ഷിച്ച് ശ്വാസകോശത്തിന്‍റെ അവസ്ഥയ്ക്ക് നേരിയ പുരോഗതി മാത്രമാണുള്ളത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കുറച്ചു ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരേണ്ടതുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.