ഞാൻ സുനിലിൻ്റെയും സുനിൽ എൻ്റെയും വീട്ടിൽ വന്നിട്ടുണ്ട്, കടുപ്പമുള്ള ചായയും കടിയും തന്നിട്ടുമുണ്ട്; സുരേന്ദ്രൻ

By Anver Sajad  |  First Published Dec 27, 2024, 4:08 PM IST

ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റതിന്‍റെ ചൊരുക്ക് ഇനിയും സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നു...


തൃശൂർ: ക്രിസ്മസ് ദിനത്തിൽ തൃശൂർ മേയർ എം കെ വര്‍ഗീസിന് കേക്ക് കൊടുത്തതുമായി ബന്ധപ്പെട്ട് സി പി ഐ നേതാവ് വി എസ് സുനിൽ കുമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റതിന്‍റെ ചൊരുക്ക് ഇനിയും സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നുവെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.

'സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ താൻ പോയിട്ടുണ്ട്. അദ്ദേഹം എന്ന സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുമുണ്ട്. എന്റെ ഉള്ളിയേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ സൗഹൃദങ്ങൾ വേറെ. കാര്യങ്ങൾ ഇങ്ങനെയൊക്കയാണെങ്കിലും സുനിൽ എന്നും എന്റെ ഒരു നല്ല സുഹൃത്തുതന്നെ' - എന്നും സുരേന്ദ്രൻ വിവരിച്ചു.

Latest Videos

undefined

ക്രിസ്തുമസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും ഞാന്‍ പോയി കാണുകയും കേക്കു നൽകുകയും ആശംസകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല. ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിൽ അദ്ദേഹവും ആ തെറ്റ് ചെയ്തിട്ടുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

'വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ല'; കേക്ക് വിവാദത്തിൽ മറുപടിയുമായി തൃശൂര്‍ മേയർ

നേരത്തെ സുനിൽ കുമാറിന്‍റെ വിമർശനങ്ങൾക്ക് മറുപടിയുമായി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസും രംഗത്തെത്തിയിരുന്നു. വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ലെന്നും സാമാന്യ മര്യാദയുടെ ഭാഗമായാണ് കെ സുരേന്ദ്രനിൽ നിന്ന് കേക്ക് കൈപറ്റിയതെന്നുമാണ് എം കെ വര്‍ഗീസ് പറഞ്ഞത്. സുനിൽ കുമാറിന്‍റെ ആരോപണം പുതിയതല്ലെന്നും മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുമ്പോല്‍ അതിനോട് പ്രതികരിക്കാൻ കഴിയില്ലെന്നും എം കെ വര്‍ഗീസ് കൂട്ടിച്ചേർത്തു. സുനിൽ  കുമാറിന്‍റെ പ്രസ്താവന ബാലിശമാണ്. അതിന് കാര്യമായ വിലകല്‍പ്പിക്കുന്നില്ലെന്നും എം കെ വര്‍ഗീസ് വ്യക്തമാക്കി.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷനിൽ നിന്ന് കേക്ക് വാങ്ങിയതിൽ തൃശൂര്‍ മേയര്‍ക്കെതിരെ രൂക്ഷ വിമർശനമാണ് സുനില്‍കുമാര്‍ നടത്തിയത്. മേയര്‍ക്ക് ചോറിവിടെയും കൂറ് അവിടെയുമെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് സി പി ഐ നേതാവ് ഉന്നയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!