ഹേമ കമ്മിറ്റി:ഹൈക്കോടതി സർക്കാരിനെ നിർത്തി പൊരിച്ചു,പിണറായി സർക്കാര്‍ സ്ത്രീകളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

By Web TeamFirst Published Sep 10, 2024, 3:34 PM IST
Highlights

സിനിമാ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സർക്കാർ നടത്തിയത്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഹൈക്കോടതി നിർദ്ദേശം പിണറായി സർക്കാരിന്‍റെ  മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നാല് കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് ഹൈക്കോടതി സർക്കാരിനെ നിർത്തി പൊരിച്ചു. സിനിമാ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സർക്കാർ നടത്തിയത്. ഇത്രയും സ്ത്രീവിരുദ്ധമായ സർക്കാർ കേരളം ഭരിച്ചിട്ടില്ലെന്നും അദ്ദേഹം  പറഞ്ഞു.

ഹേമ കമ്മിറ്റി പൂർണ റിപ്പോർട്ട് എസ്ഐടിക്ക് വിടാനുള്ള കോടതിയുടെ തീരുമാനം സർക്കാരിന് കനത്ത തിരിച്ചടിയാണ്. മുകേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അപ്പീൽ കൊടുക്കാനുള്ള എസ്ഐടിയുടെ നീക്കം സർക്കാർ അട്ടിമറിക്കുകയായിരുന്നു. എസ്ഐടിയെ കൂട്ടിലിട്ട തത്തയാക്കാനായിരുന്നു തുടക്കം മുതൽ സർക്കാർ ശ്രമിച്ചത്. വേട്ടക്കാരോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു പിണറായി വിജയനും സംഘവും ചെയ്തത്. സിപിഎമ്മിന്‍റെ  സ്ത്രീ സൗഹൃദ നിലപാടിലെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് ബോധ്യമായതായും കെ.സുരേന്ദ്രൻ പറഞ്ഞു

Latest Videos

click me!