കോൺഗ്രസ് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന പാലക്കാട്ടെ പിരിയാരി പഞ്ചായത്തിലേക്ക് സുധാകരൻ; നാളെ കുടുംബസംഗമം

By Web Team  |  First Published Nov 2, 2024, 10:20 PM IST

കോൺഗ്രസ് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെ പാലക്കാട് പിരിയാരി പഞ്ചായത്തിൽ നാളെ സുധാകരൻ സന്ദ‍ർശനം നടത്തും


പാലക്കാട്‌: കോൺഗ്രസ് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ പിരായിരിയിൽ നാളെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എത്തും. വൈകിട്ട് 5 മണിക്ക് കോൺഗ്രസ് പുതുക്കുളങ്ങരയിലെ കുടുംബ സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. പിരായിരി പഞ്ചായത്തിലെ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ദളിത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റും ഇടതു സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നീക്കം. ബെന്നി ബഹന്നാൻ, ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ  തുടങ്ങിയവരും പരിപാടിക്കെത്തും.

അതേസമയം പാലക്കാട്ടെ കോണ്‍ഗ്രസിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് മാധ്യമ സൃഷ്ടിയെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഇന്ന് പറഞ്ഞത്. ഇതിനുള്ള ഉത്തരം നവംബർ 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയാനാവുമെന്നും അദ്ദേഹം പറഞ്ഞു. കൊടകര കേസില്‍ കുഴല്‍പണ ഇടപാട് വ്യക്തമായിട്ടും ഇ.ഡിയും ആദായ നികുതി വകുപ്പുമടക്കം കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നില്ല. അവരാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. സംസ്ഥാന പൊലീസ് അന്വേഷണവും ഇക്കാര്യത്തില്‍ പ്രഹസനമാണെന്നും കെ.സി.വേണുഗോപാല്‍ കോഴിക്കോട് പറഞ്ഞു.

Latest Videos

click me!