പ്രതികള്‍ക്കായി കോടികളാണ് സര്‍ക്കാര്‍ ചെലവാക്കിയത്. ആ തുക തിരിച്ചടിപ്പിക്കാനുള്ള നിയമനടപടിയും കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപരന്ത്യം സി ബി ഐ കോടതി വിധിച്ചെങ്കിലും അതില്‍ പൂര്‍ണ്ണ തൃപ്തനല്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഏറെ പ്രത്യേകതയുള്ള വിധിയാണിത്. പ്രതികള്‍ക്ക് ഇരട്ട ജീവപരന്ത്യം കിട്ടിയെന്നത് ആശ്വാസകരമാണ്. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആഗ്രഹിച്ചത് പ്രതികള്‍ക്ക് പരമാവധി ശിക്ഷയാണ്. എന്നാല്‍ അതുണ്ടായില്ലെങ്കിലും കൃപേഷിനെയും ശരത്‌ലാലിനെയും അരിഞ്ഞുതള്ളിയതിലെ സി പി എമ്മിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞെന്നും സുധാകരൻ ചൂണ്ടികാട്ടി.
പെരിയ ഇരട്ടക്കൊല: സിപിഎം നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നത് ഒറ്റ കാര്യം; 'ഈ വിധി അന്തിമമല്ല!'
കേസിലെ 24 പ്രതികളില്‍ കുറ്റവിമുക്തരാക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കും ഈ കുറ്റകൃത്യത്തിലെ പങ്ക് തെളിയിക്കുന്നത് വരെ നിയമപോരാട്ടം കോണ്‍ഗ്രസ് തുടരും. മേല്‍ക്കോടതിയിലേക്കുള്ള നിയമ പോരാട്ടത്തിന് കരുത്ത് പകരുന്നതാണ് സിബിഐ പ്രത്യേക കോടതി വിധി. കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് പ്രസ്ഥാനം ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.
സിപിഎമ്മിന്റെ കഠാര രാഷ്ട്രീയത്തിനുള്ള ശക്തമായ താക്കീത് കൂടിയാണ് കോടതിവിധി. അക്രമത്തിന്റെ പാതയില്‍ നിരവധി കുടുംബങ്ങളെ തോരാ കണ്ണീരിലേക്ക് തള്ളിവിട്ട കൊലയാളി പ്രസ്ഥാനമാണ് സിപിഎം. ഇരകളുടെ കുടുംബത്തിന്റെ ഹൃദയവേദനയെക്കാള്‍ പ്രതികളുടെ സംരക്ഷണത്തിനാണ് സിപിഎം പ്രാധാന്യവും പിണറായി സര്‍ക്കാര്‍ മുന്‍ഗണനയും നല്‍കിയത്. പെരിയ ഇരട്ടക്കൊല കേസില്‍ കുറ്റക്കാരായി കോടതി വിധിച്ച പ്രതികളെ നിരപരാധികളായി ചീത്രീകരിക്കുന്ന സിപിഎം നടപടി കേരള മനസാക്ഷിക്കെതിരാണ്. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ സിബി ഐ കോടതിവിധി അന്തിമമല്ലെന്ന് പറഞ്ഞ് പ്രതികള്‍ക്കായി വീണ്ടും സംരക്ഷണവുമായി ഇറങ്ങാനുള്ള സിപിഎം നിലപാട് തെറ്റുതിരുത്താന്‍ അവര്‍ തയ്യാറല്ലെന്നുള്ള പ്രഖ്യാപനമാണ്. പ്രതികള്‍ക്കായി കോടികളാണ് സര്‍ക്കാര്‍ ചെലവാക്കിയത്. ആ തുക തിരിച്ചടിപ്പിക്കാനുള്ള നിയമനടപടിയും കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം