സമയത്തെത്താതിരുന്നതിലൂടെ സതീശൻ മാധ്യമങ്ങളോടെ മര്യാദ കാണിച്ചില്ലെന്ന് തോന്നി. അക്കാര്യമേ പറഞ്ഞിട്ടുള്ളൂവെന്നാണ് സുധാകരന്റെ വിശദീകരണം.
കൊച്ചി : വാർത്താ സമ്മേളനത്തിനെത്താൻ വൈകിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അസഭ്യപ്രയോഗം നടത്തിയത് വിവാദമായതോടെ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സമയത്തെത്താതിരുന്നതിലൂടെ സതീശൻ മാധ്യമങ്ങളോടെ മര്യാദ കാണിച്ചില്ലെന്ന് തോന്നി. അക്കാര്യമേ പറഞ്ഞിട്ടുള്ളൂവെന്നാണ് സുധാകരന്റെ വിശദീകരണം.
'ഞങ്ങൾ തമ്മിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ല. സതീശനും ഞാനും ജേഷ്ഠാനുജന്മാരെ പോലെയാണ്'. മാധ്യമങ്ങളാണ് വിവാദം ഉണ്ടാക്കിയതെന്നും ഇങ്ങനെ ഒരു പ്രചരണം കൊടുത്തത് ശരിയായില്ലെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവാദമായതോടെ സതീശനും സുധാകരനും സംയുക്ത വാർത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വി ഡി സതീശൻ സുധാകരനൊപ്പം മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല.
undefined
ഇന്ന് രാവിലെ കെപിസിസിയുടെ സമരാഗ്നിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളന വേദിയിലാണ് വിവാദപ്രയോഗമുണ്ടായത്. രാവിലെ പത്തിനായിരുന്നു ആലപ്പുഴയിൽ വാർത്താസമ്മേളനം വിളിച്ചത്. 10.28 ന് കെ സുധാകരൻ എത്തി. പക്ഷെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തിയില്ല. ഡി സി സി അധ്യക്ഷൻ ബാബു പ്രസാദിനോട് വിളിച്ചു നോക്കാൻ പറഞ്ഞു. പിന്നെയും 20 മിനിറ്റ് കഴിഞ്ഞതോടെ സുധാകരന്റെ നിലതെറ്റി. അസഭ്യപ്രയോഗം. കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നതിനു മുൻപേ ഷാനിമോളും ബാബു പ്രസാദും ഇടപെട്ട് പ്രസിഡന്റിനെ തടഞ്ഞു. പിന്നീട് വാർത്ത സമ്മേളനം നടത്തി ഇരുവരും മറ്റൊരു പരിപാടിയിലേക്ക് പോയി.
കെപിസിസി അധ്യക്ഷന്റെ നീരസം വാർത്തയായതോടെ ആലപ്പുഴയിലെ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ പോയതിനാലാണ് വി ഡി സതീശൻ വൈകിയത് എന്ന വിശദീകരണവുമായി നേതാക്കൾ എത്തി. വിവാദത്തിൽ നേതാക്കളുടെ വിശദീകരണം തേടിയെങ്കിലും മാധ്യമങ്ങൾക്ക് മുന്നിലൂടെ ഒരേ കാറിൽ ഒരുമിച്ചു സഞ്ചരിച്ച് ഇരുവരും ഭിന്നതയില്ലെന്ന് പ്രകടമാക്കാനും ശ്രമിച്ചു.