മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല; അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നെന്നും കെ സുധാകരൻ

By Web Team  |  First Published May 17, 2022, 10:44 PM IST

ജനങ്ങളോട് ബാധ്യത ഉള്ള മുഖ്യമന്ത്രി സർക്കാർ പണം ചെലവഴിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തിൽ ഉപയോഗിച്ച പ്രയോഗമാണ്. പിണറായിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നു. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. 


കൊച്ചി: മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അത് മലബാറിലെ സാധാരണ പ്രയോഗമാണ്. തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണം അല്ല. എൽഡിഎഫ് പ്രചരണത്തിന് ഉപയോഗിച്ചാൽ 10 വോട്ട് കൂടുതൽ കിട്ടുമെന്നും സുധാകരൻ പറഞ്ഞു. 

സംസ്ഥാനത്ത് ഭരണം സ്തംഭിച്ച് നിൽക്കുകയാണ്. സർക്കാരിൻ്റെ കയ്യിൽ പണമില്ല. കെഎസ്ആർടിസി ശമ്പളം കൊടുത്തിട്ടില്ല. ജനങ്ങളോട് ബാധ്യത ഉള്ള മുഖ്യമന്ത്രി സർക്കാർ പണം ചെലവഴിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തിൽ ഉപയോഗിച്ച പ്രയോഗമാണ്. 
പിണറായിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നു. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. തൃക്കാക്കരയിൽ ഭരണ സംവിധാനം സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും സുധാകരൻ ആരോപിച്ചു.

Latest Videos

'സമനില നഷ്‌ടപ്പെട്ട കെപിസിസി പ്രസിഡന്റിന്‍റെ യഥാര്‍ത്ഥ സംസ്കാരം'; കെ സുധാകരനെതിരെ സിപിഎം

മുഖ്യമന്ത്രിക്കെതിരെയുള്ള (Chief Minister) കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍റെ (KPCC President K Sudhakaran) പ്രസ്‌താവന നെറികെട്ടതാണെന്നും ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്നും സിപിഎം. തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവ ജയിച്ചുവരുമെന്നുമുള്ള യുഡിഎഫിന്റെ പ്രതീക്ഷകളെ പൂര്‍ണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ്‌ തൃക്കാക്കരയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വികസന പ്രവര്‍ത്തനത്തിന്‌ നേതൃത്വം കൊടുത്തുകൊണ്ട്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇത്തരം മുന്നേറ്റത്തിന്‌ ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്‌. ഇതിനെ രാഷ്‌ട്രീയമായി പ്രതിരോധിക്കാനാകാതെ സ്‌തംഭിച്ച്‌ നില്‍ക്കുകയാണ്‌ യുഡിഎഫ്‌. ഇതിന്റെ ഫലമായി സമനില നഷ്‌ട്ടപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ്‌ ഈ പ്രസ്‌താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്‌.

കോണ്‍ഗ്രസിന്‍റെ മുഖം മാറ്റാനെന്ന പേരില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിബിറിന്‌ ശേഷമാണ്‌ ഈ പ്രസ്‌താവന പുറത്തുവന്നിട്ടുള്ളത്‌. കോണ്‍ഗ്രസിന്റെ മാറുന്ന മുഖമാണോ ഇതെന്ന്‌ സ്വാഭാവികമായും ജനങ്ങള്‍ സംശയിക്കും. അതുകൊണ്ട്‌ ഇക്കാര്യത്തില്‍ മറ്റ്‌ കോണ്‍ഗ്രസ് നേതാക്കളുടെയും യുഡിഎഫ്‌ നേതാക്കളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ടാകും. രാഷ്‌ട്രീയ പ്രവര്‍ത്തനമെന്നത്‌ ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ നടത്തേണ്ട ഒന്നാണ്‌.

രാഷ്‌ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്‌ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോഴാണ്‌ രാഷ്‌ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ. അതിനുപകരം കെപിസിസി പ്രസിഡന്റ്‌ നടത്തിയിട്ടുള്ള പ്രസ്‌താവന കേരളത്തിന്റെ രാഷ്‌ട്രീയത്തെ മലീമസമാക്കാനുള്ളതാണ്‌. പ്രകോപനം സൃഷ്‌ടിച്ച്‌ സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ്‌ ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്‌ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌.

ഇത്തരം രാഷ്‌ട്രീയ സംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ്‌ ഫലം മാറുമെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത് സംസ്കാര ശൂന്യതയാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കും. കെ സുധാകരൻ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്. യു ഡി എഫിന്റെ നടപടി അപലപനീയമാണെന്നും ഇപി ജയരാജൻ പറഞ്ഞു. തൃക്കാക്കരയിൽ ഇടതുപക്ഷ മുന്നണി മുന്നേറ്റമുണ്ടാക്കുകയാണ്.

എൽഡിഎഫിന്റെ വിജയ സാധ്യത യുഡിഎഫിന്റെ സമനില തെറ്റിക്കുകയാണ്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നത് പോലെയാണ്. എന്തും പറയാം എന്ന നിലയിലേക്ക് കെപിസിസി പ്രസിഡന്റ് എത്തിയിരിക്കുന്നു. ദില്ലിയിലും, പഞ്ചാബിലും കോൺഗ്രസിനെ തോൽപ്പിച്ച് അധികാരത്തിൽ വന്ന ആം ആദ്മി പാർട്ടിയുടെ മുന്നിൽ ചെന്നു കേണ് അപേക്ഷിക്കുകയാണ് കോൺഗ്രസെന്നും ഇപി ജയരാജൻ പരിഹസിച്ചു.

 

click me!