'നരബലിക്ക് പിന്നിൽ സിപിഎം നേതാവ്, കേരളത്തിന് വലിയ അത്ഭുതം ഒന്നുമല്ല', 67000 മാൻമിസിംഗ്, അന്വേഷണം വേണം: സുധാകരൻ

By Web Team  |  First Published Oct 11, 2022, 6:44 PM IST

പിണറായി വിജയൻ ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരമന്ത്രിയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. 'കൂടെപ്പിറപ്പിനെ പോലൊരാളുടെ ചിത കത്തിത്തീരുംമുമ്പ് കുടുംബത്തെയും കൂട്ടി ഉല്ലാസയാത്രയ്ക്ക് പുറപ്പെടാൻ മടിയില്ലാത്തവർ'


പത്തനംതിട്ട: ഇലന്തൂരിൽ നടന്ന നരബലിയിൽ സി പി എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. നരബലിക്ക് പിന്നിൽ സി പി എം പ്രാദേശിക നേതാവാണെന്ന് പറഞ്ഞ സുധാകരൻ നൂറ്റാണ്ടുകൾക്ക് മുൻപുള്ള മൃഗീയ ആചാരങ്ങൾ സി പി എമ്മിലൂടെ പുനർജനിക്കുന്നുവെന്നും കുറ്റപ്പെടുത്തി. കേരള പൊലീസിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 67000 "മാൻമിസ്സിംഗ് " കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സമാനമായ രീതിയിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കെ പി സി സി അധ്യക്ഷൻ ആവശ്യപ്പെട്ടു. പിണറായി വിജയൻ ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരമന്ത്രിയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. കൂടെപ്പിറപ്പിനെ പോലൊരാളുടെ ചിത കത്തിത്തീരുംമുമ്പ് കുടുംബത്തെയും കൂട്ടി ഉല്ലാസയാത്രയ്ക്ക് പുറപ്പെടാൻ മടിയില്ലാത്തവർ ഉൾപ്പെടുന്ന മുകൾത്തട്ട് മുതൽ നരബലികളിൽ സന്തോഷം കണ്ടെത്തുന്നവരുൾപ്പെടുന്ന പ്രാദേശിക തലം വരെയുള്ള സി പി എം നേതാക്കളുടെ മനസ്സ് എത്രത്തോളം ക്രൂരമാണെന്ന് കേരളം തിരിച്ചറിയണമെന്നും അദ്ദേഹം പ‌റഞ്ഞു.

ശരീരം 22 കഷ്ണങ്ങളാക്കി മുറിച്ചു, നാലരയടി താഴ്ചയിൽ കുഴിച്ചിട്ടു, മുകളിൽ മഞ്ഞൾ ചെടി, ഉപ്പും; എല്ലാം കണ്ടെടുത്തു

Latest Videos

സുധാകരന്‍റെ വാക്കുകൾ

കേരള മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഈ മണ്ണിൽ ഇരട്ട നരബലി നടന്നിരിക്കുന്നു. അതിന്‍റെ പിന്നിൽ പ്രവർത്തിച്ചത് സി പി എമ്മിന്റെ പ്രാദേശിക നേതാവാണെന്നത് കേരളത്തെ അതിലേറെ ഭയപ്പെടുത്തുന്നു. പിണറായി വിജയൻ എന്ന ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരമന്ത്രിയുടെ കാലത്ത് കേരള പൊലീസിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 67000 "മാൻമിസ്സിംഗ് " കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമാനമായ രീതിയിൽ  കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.

ആളെ കൊല്ലുന്നതും അവരുടെ കുടുംബങ്ങളുടെ കണ്ണീർ കാണുന്നതും സി പി എമ്മുകാർക്ക് പുത്തരിയല്ല. എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ് നടന്നിരുന്ന മൃഗീയ ആചാരങ്ങൾ സി പി എമ്മിലൂടെ പുനർജ്ജനിക്കുന്നത് സമൂഹത്തിന് ഭീഷണിയാണ്. രണ്ടു സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തി നരബലി എന്ന പ്രാകൃതാചാരം അനുഷ്ഠിച്ച സി പി എം നേതാവ് കേരളത്തിന് വലിയ അത്ഭുതം ഒന്നുമല്ല. കൂടെപ്പിറപ്പിനെ പോലൊരാളുടെ ചിത കത്തിത്തീരുംമുമ്പ് കുടുംബത്തെയും കൂട്ടി ഉല്ലാസയാത്രയ്ക്ക് പുറപ്പെടാൻ മടിയില്ലാത്തവർ ഉൾപ്പെടുന്ന മുകൾത്തട്ട് മുതൽ നരബലികളിൽ സന്തോഷം കണ്ടെത്തുന്നവരുൾപ്പെടുന്ന പ്രാദേശിക തലം വരെയുള്ള സി പി എം നേതാക്കളുടെ മനസ്സ് എത്രത്തോളം ക്രൂരമാണെന്ന് കേരളം തിരിച്ചറിയണം.

ആളുകളുടെ ജീവനെടുക്കുന്നതും ആ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതും ഒക്കെ ഹരമാക്കിയ സി പി എം ഈ കേസിൽ നിന്നും സ്വന്തം നേതാക്കളെ രക്ഷിച്ചെടുത്താലും അത്ഭുതപ്പെടാനില്ല.  മാൻ മിസ്സിംഗ് കേസുകളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പത്തനംതിട്ടയിലെ നരബലിയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കേസിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും കെ പി സി സി ശക്തമായി ആവശ്യപ്പെടുന്നു.

ആദ്യ മിസിംഗ് കേസ് എന്തുകൊണ്ട് അന്വേഷിച്ചില്ല? പൊലീസിനെതിരെ ചെന്നിത്തല; 'കൂടുതൽ കൊലപാതകങ്ങളെന്നും സംശയം'

 

click me!