ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് സുതാര്യതയുടെ മുഖ്യ ഘടകം
രണ്ടാം ത്രൈമാസ പുരോഗതി (ക്വാര്‍ട്ടര്‍ലി പ്രോഗ്രസ് റിപ്പോര്‍ട്ട്) ഓണ്‍ലൈനായി സമര്‍പ്പിക്കാത്ത 222 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
രണ്ടാം ത്രൈമാസ പുരോഗതി സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ ഏഴ് ആയിരുന്നു. അതിനു ശേഷവും പുരോഗതി സമര്‍പ്പിക്കാത്ത 222 പദ്ധതികളാണ് ഉള്ളത്. ആകെ 617 പദ്ധതികളാണ് ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്. അവയില്‍ 395 പദ്ധതികളുടെ ത്രൈമാസ പുരോഗതി കെ-റെറ പോര്‍ട്ടലില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയിട്ടുള്ള 222 പദ്ധതികള്‍ക്കാണ് കെ-റെറ നോട്ടീസ് അയച്ചിട്ടുള്ളത്.
കെ-റെറ നിയമപ്രകാരം ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് ഉപഭോക്താക്കള്‍ക്കും പ്രൊമോട്ടര്‍മാര്‍ക്കുമിടയിലെ സുതാര്യത ഉറപ്പു വരുത്തുന്ന പ്രധാന ഘടകമാണ്. കെ-റെറ വെബ്‌സൈറ്റ് വഴി ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് ലഭിക്കുക എന്നത് റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളില്‍ നിന്ന് യൂണിറ്റുകള്‍ വാങ്ങാനുദ്ദേശിക്കുന്നവരുടെ അവകാശവും കൂടിയാണ് - കെ-റെറ അറിയിച്ചു.