ജനങ്ങളേൽപ്പിച്ച ഉത്തരവാദിത്വവും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വവും പരമാവധി സത്യസന്ധമായി നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. തുടർന്നും അത് തന്നെയാണ് ഉദ്ദേശിക്കുന്നത് -നിയുക്ത മന്ത്രി നയം വ്യക്തമാക്കി.
ആലപ്പുഴ: തനിക്ക് ലഭിച്ച വകുപ്പുകൾ അപ്രധാനമാണെന്ന് കരുതുന്നില്ലെന്ന് നിയുക്ത മന്ത്രി കെ രാധാകൃഷ്ണൻ. എറ്റവും പ്രധാനപ്പെട്ട വകുപ്പ് തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് പറഞ്ഞ രാധാകൃഷ്ണൻ സമൂഹത്തിലെ പാവപ്പെട്ടവന്‍റെ ജീവിതം മെച്ചപ്പെടുത്തുകയെന്നതാണ് ഒരു സർക്കാരിൻ്റെ ലക്ഷ്യമെന്ന് ഓർമ്മിപ്പിച്ചു. കേരളം വളർന്നതിനനുസരിച്ച് പിന്നോക്ക ജനവിഭാഗങ്ങൾ ഉയർന്നിട്ടില്ല, അവരെ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉയർച്ചയാണ് സർക്കാരിന്റെ ലക്ഷ്യം കെ രാധാകൃഷ്ണൻ നയം വ്യക്തമാക്കി.
undefined
ജനങ്ങളേൽപ്പിച്ച ഉത്തരവാദിത്വവും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വവും പരമാവധി സത്യസന്ധമായി നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. തുടർന്നും അത് തന്നെയാണ് ഉദ്ദേശിക്കുന്നത്. ജനപ്രതിനിധി ആയിരിക്കുന്ന സമയത്തും പണിയെടുക്കാൻ മടിയില്ല. ആറാം ക്ലാസ് മുതൽ കൂലിപ്പണിക്ക് പോകുന്നുണ്ട്. കൃഷിയെന്നും മനുഷ്യ സമൂഹത്തിന്‍റെ നിലനിൽപ്പിന് അത്യാവശ്യമാണ്. കാർഷിക മേഖല ഉപേക്ഷിക്കില്ല, മന്ത്രിയായാലും കൃഷിക്ക് തടസമുണ്ടാകില്ല - നിയുക്ത മന്ത്രി നയം വ്യക്തമാക്കി.
1991ൽ ജില്ലാ കൗൺസിൽ അംഗമായി, 96ൽ എംഎൽഎയായി മന്ത്രിയായി. 2006ൽ സ്പീക്കറായി. ഏത് വകുപ്പും പ്രാധാന്യമുള്ളതാണെന്നാണ് കരുതുന്നതെന്നും കഴിവിനനുസരിച്ച് ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ശ്രമിക്കുമെന്നും കെ രാധാകൃഷ്ണൻ പറയുന്നു. 1996ലാണ് ആദ്യമായി മന്ത്രിയാവുന്നത്, നായനാർ മന്ത്രിസഭയിൽ മന്ത്രിയാകുമ്പോൾ വളരെ ചെറുപ്പമായിരുന്നുവെന്നും അന്നത്തെ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും രാധാകൃഷ്ണൻ ഓർമ്മിപ്പിച്ചു.
തന്റെ മണ്ഡലമായ ചേലക്കരയിലെ ജനങ്ങളോട് നന്ദിയും കടപ്പാടും ഉണ്ടെന്ന് പറഞ്ഞ നിയുക്ത മന്ത്രി കക്ഷി രാഷ്ട്രീയ ജാതിമത പരിഗണനകൾക്ക് അതീതമായ സ്നേഹം ചേലക്കര തന്നിട്ടുണ്ടെന്ന് കെ രാധാകൃഷ്ണൻ ആവർത്തിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona