രാഹുല്‍ ഗാന്ധിയോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ ഞാൻ കാൽനടയായി സഞ്ചരിച്ചത് ബി.ജെ.പിയിൽ ചേരാനല്ല. എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും- മുരളീധരന്‍ വ്യക്തമാക്കി.
തിരുവനന്തപുരം : താന്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കെ മുരളീധരന്‍ എംപി. നട്ടാല്‍ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ പ്രചരിപ്പിക്കുന്നതെന്നും എത്ര അപമാനം സഹിച്ചാലും കോൺഗ്രസുകാരനായി തുടരുമെന്നും കെ മുരളീധരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയോടൊപ്പം കേരളം മുഴുവന്‍ നടന്നത് ബിജെപിയില്‍ ചേരാനല്ലെന്നും മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയാണ് മുരളീധരന്‍ തനിക്കെതിരെയുള്ള പ്രാചരണങ്ങളോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്.
'ഞാന്‍ ബിജെപിയിൽ പോകുമെന്ന പ്രചാരണം പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും ചിലർ നടത്തുന്നുണ്ട്. അതിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുലിനൊപ്പം നടന്നത് ബി ജെ പിയിൽ ചേരാനല്ല. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഏത് അറ്റം വരെയും രാഹുലി ഗാന്ധിക്കൊപ്പം പോകും. കെപിസിസി എക്സിക്യൂട്ടീവ് ചേരുന്നത് രാഹുലിന്‍റെ സന്ദർശനം സംബന്ധിച്ചാണ്. അതിന് യോഗം ചേരുന്നതിൽ തടസമില്ല. മറ്റു കാര്യങ്ങൾ എല്ലാവരുമുള്ളപ്പോൾ ആണ് ചർച്ച ചെയ്യണ്ടത്. നിലവിൽ എംപി മാർക്ക് ദില്ലിയിൽ നിന്നു മാറി നിൽക്കാനാകുന്ന സാഹചര്യമല്ലെന്നും മുരളീധരൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
'നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്. രാഹുല്‍ ഗാന്ധിയോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ ഞാൻ കാൽനടയായി സഞ്ചരിച്ചത് ബി.ജെ.പിയിൽ ചേരാനല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും.എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും.
ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഞാൻ പറഞ്ഞത്. അതിന്റെ പേരിൽ വേട്ടയാടാൻ നോക്കണ്ട.സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയിൽ ചേർന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രി സ്ഥാനത്തെക്കാൾ എനിക്ക് അഭിമാനം സാധാരണ കോൺഗ്രസ്സ് പ്രവർത്തകൻ ആകുന്നതാണ്. അതു കൊണ്ട് കെ. കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട. മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്കറിയാം.
Read More : മധു കൊലക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ചാരിതാര്‍ത്ഥ്യമുണ്ടെന്ന് എസ്പി