'എന്‍റെ കാര്യത്തിൽ അവർ ജയിച്ചു, അടുത്ത ലക്ഷ്യം മുരളീധരൻ': ഒരു മാസം കൊണ്ട് മുരളീധരന് കാര്യം മനസിലായെന്ന് പത്മജ

By Web Team  |  First Published Sep 19, 2024, 1:14 PM IST

എന്തൊക്കെ ഇനി കാണേണ്ടി വരുമോ എന്തോ എന്ന് പറഞ്ഞാണ് പത്മജ വേണുഗോപാൽ കുറിപ്പ് അവസാനിപ്പിച്ചത്.


തൃശൂർ: തൃശൂരിൽ നിന്ന് താൻ ജീവനും കൊണ്ടോടി രക്ഷപ്പെട്ടെന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍റെ പരാമർശത്തോട് പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ. കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങൾ മനസ്സിലായെന്നും അവിടെയാണ് 10 കൊല്ലം ആട്ടും തുപ്പും സഹിച്ചു താൻ കിടന്നതെന്നും പത്മജ പ്രതികരിച്ചു.

കെ കരുണാകരനെ കൊണ്ട് വളർന്ന പലർക്കും കെ കരുണാകരന്റെ മക്കളെ വേണ്ട. മക്കളെ പുകച്ചു പുറത്തു ചാടിക്കലാണ് അവരുടെ ഉദ്ദേശ്യം. തന്‍റെ കാര്യത്തിൽ അവർ വിജയിച്ചു. അടുത്ത ലക്ഷ്യം കെ മുരളീധരൻ ആണ്. എന്തൊക്കെ ഇനി കാണേണ്ടി വരുമോ എന്തോ എന്ന് പറഞ്ഞാണ് പത്മജ കുറിപ്പ് അവസാനിപ്പിച്ചത്.

Latest Videos

പത്മജ പറഞ്ഞതിങ്ങനെ...

"കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങൾ മനസ്സിലായി. അവിടെയാണ് 10 കൊല്ലം ഇവരുടെയൊക്കെ ആട്ടും തുപ്പും സഹിച്ചു അവിടെ കിടന്നത്. ഞങ്ങളെയൊക്കെ തോല്പിക്കാൻ നിന്നവർക്ക് ഉയർന്ന പദവിയും സമ്മാനങ്ങളും. എന്നെ ചീത്ത പറയുന്ന കോൺഗ്രസ്‌ പ്രവർത്തകരോട് ഒരു കാര്യം പറയാനുണ്ട്. കെ കരുണാകരനെ കൊണ്ട് വളർന്ന പലർക്കും കെ കരുണാകരന്‍റെ മക്കളെ വേണ്ട. അവരെ പുകച്ചു പുറത്തു ചാടിക്കലാണ് അവരുടെ ഉദ്ദേശം. എന്‍റെ കാര്യത്തിൽ അവർ വിജയിച്ചു. അടുത്ത ലക്ഷ്യം കെ മുരളീധരൻ ആണ്. എന്തൊക്കെ ഇനി കാണേണ്ടി വരുമോ എന്തോ?"

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം നടത്തിയിരുന്നു. ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി- ഇവർ മതിയാകുമായിരുന്നു. എന്നാൽ ഇന്ന് രാഹുൽ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോൺഗ്രസിലില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് വെള്ളയിൽ ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!