മുരളിയുടെ തോൽവി, വിവാദം; ജോസ് വള്ളൂരിന്റെയും വിന്‍സന്റിന്റെയും രാജി അംഗീകരിച്ചു; രണ്ട് നേതാക്കൾക്ക് സസ്പെൻഷൻ

By Web Team  |  First Published Jun 10, 2024, 6:06 PM IST

ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നുള്ള രാജികൾ സ്വീകരിച്ചു


തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നുള്ള രാജികൾ സ്വീകരിച്ചു. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള എം.പി.വിന്‍സന്റ് എക്‌സ് എം.എല്‍.എ.യുടെ രാജി യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശനുമാണ് അംഗീകരിച്ചത്.  പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടായ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള രാജി സ്വീകരിച്ചുവെന്നാണ് വിശദീകരണം. 

വികെ.ശ്രീകണ്ഠന് തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വി.കെ.ശ്രീകണ്ഠന്‍ എം.പിക്ക് കെപിസിസി നല്‍കിയതായി കെപിസിസി ജനറല്‍സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു. അതേസമയം, തെരഞ്ഞടുപ്പ് പരാജയം അന്വേഷിക്കാനും കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചു.

Latest Videos

തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി രാഷ്ട്രീയകാര്യ സമിതി അംഗമായ കെ.സി.ജോസഫ് എക്‌സ് എം.എല്‍.എ , വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ്  എം.എല്‍.എ, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ  മൂന്നംഗ സമിതിക്കാണ് കെപിസിസി ചുമതല നല്‍കിയിരിക്കുന്നത്.  

പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ്  ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജീവന്‍ കുര്യാച്ചിറ, എം.എല്‍ ബേബി എന്നിവരെ അന്വേഷണ വിധേയമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.

മുരളീധരന്റെ തോൽവി; വിവാദങ്ങൾക്കിടെ രാജി പ്രഖ്യാപിച്ച് ജോസ് വള്ളൂരും എംപി വിൻസെന്റും, നാടകീയ രം​ഗങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!