കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിപിഎം നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ
പത്തനംതിട്ട: എഡിഎമ്മിൻ്റെ മരണത്തിൽ സിപിഎം വേട്ടപ്പട്ടിക്കൊപ്പമെന്ന് കെ മുരളീധരൻ. എഡിഎം നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കൊപ്പമാണ് കണ്ണൂരിലെ സിപിഎം നേതൃത്വം. എന്നാൽ പത്തനംതിട്ടയിൽ സിപിഎം എഡിഎം നവീൻ്റെ കുടുംബത്തിനൊപ്പമാണ്. മുയലിനൊപ്പം ഓടുകയും വേട്ടപ്പടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ ഏർപ്പാട് സിപിഎം അവസാനിപ്പിക്കണം. ദിവ്യയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം അടക്കം രാജിവെപ്പിക്കണമെന്ന കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണ്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ദിവ്യക്കെതിരെ ഒരു നടപടിയും ഇല്ലാത്തത് ദുഃഖകരമാണ്. ദിവ്യയെ ഒരു നിമിഷം പോലും വൈകാതെ രാജിവെപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഡിഎം നവീൻ ബാബുവിൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു കെ മുരളീധരൻ്റെ പ്രതികരണം.