മുഖ്യമന്ത്രിയുടെ മുൻ ഉപദേഷ്ടാവും കൈരളി ടിവിയുടെ എംഡിയുമാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ ബ്രിട്ടാസ്. സിപിഎം സംസ്ഥാനസമിതിയംഗമാണ് ഡോ. വി ശിവദാസൻ. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റാണ് ഇരുവരുടെയും സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം നൽകിയത്.
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും സിപിഎം സംസ്ഥാനസമിതിയംഗമായ ഡോ. വി ശിവദാസനും രാജ്യസഭയിലേക്കുള്ള ഇടത് സ്ഥാനാർത്ഥികൾ. ഇരുവരുടെയും സ്ഥാനാർത്ഥിത്വത്തിന് തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗീകാരം നൽകി. ഈ മാസം മുപ്പതാം തീയതിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.
കെ കെ രാഗേഷിന് വീണ്ടും അവസരം നൽകേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. നേതൃത്വത്തിന് പുറത്തുനിന്ന് ഒരു വ്യക്തിയെ സിപിഎം ഇത്തവണ രാജ്യസഭയിലേക്ക് അയക്കുകയാണ്. രാവിലെ അവൈലബിൾ പൊളിറ്റ് ബ്യൂറോ ചേർന്നിരുന്നു. അതിന് ശേഷം ചേർന്ന സംസ്ഥാനസെക്രട്ടേറിയറ്റാണ് നിർദേശത്തിന് അന്തിമ അംഗീകാരം നൽകിയത്. സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാനനേതൃത്വത്തിന്‍റെ താത്പര്യമനുസരിച്ച് തീരുമാനമെടുക്കാൻ കേന്ദ്രകമ്മിറ്റി അനുമതി നൽകിയിരുന്നു.
രാജ്യസഭയിലേക്ക് കെകെ രാഗേഷിനെ വീണ്ടും പരിഗണിക്കണമെന്ന് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിരുന്നു. രാജ്യസഭയിൽ രാഗേഷിന്‍റെ പ്രവർത്തനം മികച്ചതെന്ന് അവയിലബിൾ പിബി വിലയിരുത്തി. എന്നാൽ ടേംവ്യവസ്ഥയിൽ ഇളവ് ഇപ്പോൾ സാധ്യമല്ലെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തു നിയമസഭയിലേക്ക് ടേം നിബന്ധന നടപ്പാക്കിയത് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. ഇതോടെയാണ് കെ കെ രാഗേഷിനെ ഒഴിവാക്കി, പകരം സാധ്യതാപട്ടികയിലുണ്ടായിരുന്നവർക്ക് അവസരം നൽകാൻ തീരുമാനമായത്.
ദേശാഭിമാനിയുടെ ദില്ലി ബ്യൂറോ ചീഫായിരുന്നു ജോൺ ബ്രിട്ടാസ്. പിന്നീട് കൈരളി ടിവി തുടങ്ങിയപ്പോൾ ചാനലിന്‍റെ ചീഫ് എഡിറ്ററും പിന്നീട് എംഡിയുമായി. ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരെ കാണാനെത്തുമ്പോൾ എപ്പോഴും മുഖ്യ ഉപദേഷ്ടാക്കളിലൊരാളായ ജോൺ ബ്രിട്ടാസും ഒപ്പമുണ്ടാകാറുണ്ട്.
എസ്എഫ്ഐയുടെ ദേശീയമുഖമായിരുന്നു ഡോ. വി ശിവദാസൻ. എസ്എഫ്ഐയുടെ ദേശീയപ്രസിഡന്‍റായിരിക്കേ, പല ദേശീയ വിദ്യാർത്ഥിപ്രക്ഷോഭങ്ങളുടെയും നേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു. ആ സ്ഥാനമൊഴിഞ്ഞ ശേഷം ഇപ്പോൾ സിപിഎം സംസ്ഥാനസമിതിയംഗമായി അദ്ദേഹം.
കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 20- വരെയാണ് പത്രിക നൽകാനുള്ള തീയതി. തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ഒഴിവായേക്കും. അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ട് പേരെയും യുഡിഎഫിന് ഒരാളെയുമാണ് ജയിപ്പിക്കാനാകുക. 3 ഒഴിവുകളിലേക്ക് 3 പത്രിക മാത്രം ലഭിച്ചാൽ മത്സരം ഒഴിവാകും. മൂന്ന് പത്രികകൾ തന്നെയേ നൽകാൻ സാധ്യതയുള്ളൂ എന്നാണ് വിവരം.
മുസ്ലിം ലീഗ് നേതാവ് അബ്ദുൽ വഹാബ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നിയമസെക്രട്ടറിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവർക്കൊപ്പമാണു പത്രിക സമർപ്പിക്കാനെത്തിയത്.