'ഇതെന്തൊരു ആവേശമാണ് മാഷേ'; പഞ്ചവാദ്യ മേളത്തിന് താളമിട്ട്, ഓളമായി ജയചന്ദ്രൻ; വീഡിയോ ദൃശ്യങ്ങളിലേക്ക്...

By Web Team  |  First Published Jan 5, 2023, 12:19 PM IST

തൃശൂർ ദേശമം​ഗലം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികൾ കൊട്ടിത്തീർത്തപ്പോഴേക്കും ജയചന്ദ്രൻ സദസ്സിൽ നിന്നിറങ്ങി ഒരോട്ടമായിരുന്നു. 


കോഴിക്കോട്: മത്സരിക്കുന്നത് വിദ്യാർത്ഥികളാണെങ്കിലും മത്സരത്തിന്റെ ഉദ്വേ​ഗവും ആവേശവും കുട്ടികൾക്കൊപ്പം എത്തുന്ന പരിശീലകർക്കും മാതാപിതാക്കൾക്കുമായിരിക്കും. പ‍ഞ്ചവാദ്യ മത്സരവേദിയിൽ നിന്നാണ് അത്തരത്തിലൊരു ആവേശക്കാഴ്ച. പഞ്ചവാദ്യ വേദിയിൽ കുട്ടികളങ്ങനെ കൊട്ടിക്കയറുമ്പോൾ ഓളമത്രയും സദസ്സിലായിരുന്നു. കസേരകളിൽ ഇളകിയാടി മേളത്തിന് താളമിടുന്ന ആസ്വാദകർ. തോളിലെ തോർത്തൂരി വീശിയും കയ്യിലെ കടലാസ് ആകാശത്തേക്കെറിഞ്ഞും അവർ താളത്തിൽ അലിഞ്ഞു. 

മേളം അതിന്റെ ക്ലൈമാക്സ് കയറുമ്പോളേക്കും മുൻനിരയിലെ കസേരകളിലൊന്നിൽ നിന്ന് ഇരിപ്പുറക്കാതെ ഇറങ്ങിയോടിയ കാണികളിലൊരാൾ കാഴ്ചക്കാരുടെ ആകെ ശ്രദ്ധാ കേന്ദ്രമായി. തൃശൂർ ദേശമം​ഗലം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികൾ കൊട്ടിത്തീർത്തപ്പോഴേക്കും ജയചന്ദ്രൻ സദസ്സിൽ നിന്നിറങ്ങി ഒരോട്ടമായിരുന്നു. ''ഞങ്ങളുടെ കുട്ടികൾ, അവർ എന്റെ വികാരമാ.. ഒന്നുമല്ലാത്തവരാ ഞങ്ങള്.. ദേശമം​ഗലം സ്കൂൾ പഞ്ചവാദ്യത്തിൽ ഒന്നുമല്ലായിരുന്നു. അവിടെ നിന്ന് ഞങ്ങള് പൂജ്യത്തിൽനിന്ന് തുടങ്ങി. ഇത് തുടർച്ചയായിട്ടുള്ള മൂന്നാമത്തെ എ ​ഗ്രേഡ്. ഞാനാണവരെ പ്രാക്ടീസ് ചെയ്യിപ്പിക്കുന്നത്. മൂന്നാല് മാസമായിട്ട് കഠിനാധ്വാനം ചെയ്യുവാ അവര്. നാലുമാസമായി... അതിന്റെ ആവേശമാണിത്.'' ജയചന്ദ്രന്റെ ശബ്ദം ആവേശവും സന്തോഷവും നിറഞ്ഞ് ഇടറുന്നുണ്ട്. 

Latest Videos

സ്കൂളിലെ മുൻ  പിടിഎ പ്രസിഡന്റ് മാത്രമെങ്കിലും മേളപ്രേമിയായ ജയചന്ദ്രനാണ് കഴിഞ്ഞ നാലു വർഷമായി പഞ്ചവാദ്യം ടീമിനെ ഒരുക്കുന്നത്. ഇക്കുറി കുട്ടികൾ നന്നായി കൊട്ടിയതിന്റെ സന്തോഷമാണ് ജയചന്ദ്രന്റെ ഈ ഓളപ്രകടനമെന്ന് അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ. 

കണ്ണുകളെന്തിന് വേറെ...; കലോത്സവം കേട്ടനുഭവിച്ച് കരീം മാഷ് -വീഡിയോ

click me!