രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി ഉയർന്നു; കോഴിക്കോട് ജില്ലയിലെ കൊമ്മേരിയിൽ 5 പേർക്ക് കൂടി മഞ്ഞപ്പിത്തം

By Web Team  |  First Published Sep 9, 2024, 10:26 AM IST

പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു.


കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നു. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ ആണ് പോസിറ്റീവ് ആയത്. പത്തു പേര്‍ ആശുപത്രി വിട്ടിരുന്നു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. കൊമ്മേരിയിൽ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതിൽ പരിശോധനക്കയച്ച സാമ്പിളുകളില്‍ നാലെണ്ണമാണ് പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു.

മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്‍റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. അതേസമയം, മ‍ഞ്ഞപ്പിത്തം പടരുന്നതില്‍ കൊമ്മേരി ജനകീയ സമിതിയെ പഴിചാരി കോര്‍പറേഷന്‍ രംഗത്തെത്തി. മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന പ്രാദേശിക കുടിവെളള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ജല സ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നല്‍കിയിട്ടും ഇതില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. 

Latest Videos

പ്രദേശത്തെ 4 കിണറുകളില്‍ നിന്നുളള വെള്ളം ടാങ്കിലേക്ക് എത്തിച്ച് 265 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുളള പദ്ധതിയുടെ നടത്തിപ്പ് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള ജനകീയ സമിതിക്കായിരുന്നു. പദ്ധതിയുടെ ഭാഗമായ രണ്ടു കിണറുകളും ടാങ്കും വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തിലാണ് നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കാതെയുള്ള കോര്‍പറേഷന്‍റെ വിമർശനം.

മഴക്കാല പൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ കോര്‍പറേഷന്‍ ജനകീയ സമിതിക്ക് സാധന സാമഗ്രികള്‍ നല്‍കിയിരുന്നു. ശുചീകരിച്ചുവെന്ന റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും ഇക്കാര്യത്തില്‍ പരിശോധനയൊന്നും ഉണ്ടായില്ല. എന്തായാലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പ്രദേശത്ത് മെഡിക്കല്‍ ക്യാന്പ് ഉള്‍പ്പെടെയുളള നടപടികളുമായി മുന്നോട്ട് പോകാനാണ് കോര്‍പറേഷന്‍റെ തീരുമാനം. 

മഞ്ഞപ്പിത്ത ലക്ഷണങ്ങൾ 

  • ചര്‍മത്തിനും കണ്ണുകള്‍ക്കും മഞ്ഞനിറം
  • ഇരുണ്ട നിറമുള്ള മൂത്രം
  • ഇളം അല്ലെങ്കിൽ കളിമൺ നിറമുള്ള മലം
  • ഛർദ്ദിയും ഓക്കാനവും
  • വിശപ്പില്ലായ്മ
  • വയറുവേദന
  • ഭാരം കുറയുക
  • പേശികളില്‍ വേദന
  • കടുത്ത പനി
  • ചൊറിച്ചിൽ 

click me!