'സ്വപ്നയുടെ ആരോപണം ഗൂഢാലോചന, രാഷ്ട്രീയ ലക്ഷ്യം, കള്ളക്കഥയിൽ സിപിഎം തളരില്ല': കോടിയേരി 

By Web Team  |  First Published Jun 10, 2022, 5:43 PM IST

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം സന്ദര്‍ഭത്തിൽ സര്‍ക്കാര്‍ നോക്കി നിൽക്കരുത്. ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 


തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയാണെന്നും രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ആരോപണങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഉൾപെടുത്താൻ ആദ്യം തന്നെ ശ്രമമുണ്ടായിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം സന്ദര്‍ഭത്തിൽ സര്‍ക്കാര്‍ നോക്കി നിൽക്കരുത്. ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

രഹസ്യമൊഴി വെളിപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. സ്വപ്ന മുമ്പ് നൽകിയ രഹസ്യ മൊഴിയും ഇപ്പോൾ നൽകിയ  രഹസ്യ മൊഴിയും തമ്മിൽ  നിറയെ വൈരുധ്യങ്ങളുണ്ട്. മുഖ്യമന്ത്രിക്കും കുടുംബങ്ങൾക്കും എതിരെ പ്രചാരണം നടത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ആദ്യം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ ബന്ധമില്ലെന്നാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് ബന്ധം ഇല്ലെന്നും അദ്ദേഹത്തിനെതിരെ മൊഴി നൽകാൻ സമ്മര്‍ദ്ദമുണ്ടായെന്നും ഒന്നര വർഷം മുൻപ് അവര്‍ മൊഴി നൽകി. എന്നാൽ ഇപ്പോൾ വ്യത്യസ്തമായാണ് പറയുന്നത്. ബിരിയാണി ചെമ്പിൽ സ്വര്‍ണ്ണം കടത്തിയെന്നാണ് ഇപ്പോൾ പറയുന്നത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഡാലോചനയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു. 

Latest Videos

ആരോപണങ്ങൾ ആദ്യമായി കേൾക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയൻ. കമലാ ഇന്റര്‍നാഷണൽ എന്ന കമ്പനിയുണ്ടെന്ന ആരോപണം നേരത്തെ വന്നിരുന്നു. അതൊരു കഥയായിരുന്നു. എല്ലാം കഥകളാണ്. സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയാണ്. ഇത്തരം ആക്ഷേപങ്ങൾ കേട്ടുകൊണ്ട് ഉയ‍ര്‍ന്ന് വന്നയാളാണ് പിണറായി വിജയൻ. കള്ളക്കഥകൾക്ക് മുന്നിൽ സിപിഎം കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി രാജിവെക്കില്ല. 

മുഖ്യമന്ത്രിയും കോടിയേരിയും ഫണ്ട് പോകുന്നതെന്ന് ബിലീവേഴ്സ് ച‍ര്‍ച്ച് വഴിയാണെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. മൂന്ന് തവണ അമേരിക്കയിൽ പോയിട്ടുണ്ട്. അത് ചികിത്സക്ക് വേണ്ടിയാണ്. പാര്‍ട്ടിയാണ് ചികിത്സാ ചിലവ് വഹിച്ചത്. ഒരു നയാ പൈസ ആരും ചെലവാക്കിയിട്ടില്ല. ഷാജ് കിരണിനെ അറിയില്ല. പേര് ആദ്യമായാണ് കേൾക്കുന്നത്. സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ല. 

'പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് ബിലീവേഴ്സ് ചർച്ച് വഴി': ഷാജ് കിരൺ

ആദ്യം ഈ വിഷയം വന്നപ്പോൾ അന്വേഷണത്തിനായി കേന്ദ്രത്തിന് കത്തയച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത്രയും കാലമായി ആർക്ക് വേണ്ടി ആര് സ്വർണ്ണം അയച്ചു എന്ന് കണ്ടെത്തിയില്ല. കേസിൽ ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് അന്ന് വിദേശ കാര്യമന്ത്രാലയം സ്വീകരിക്കുകയായിരുന്നു. ബിജെപിയിലേക്ക് അന്വേഷണം എത്തും എന്ന സ്ഥിതി വന്നപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി. മുഖ്യമന്ത്രിയെ ഉൾപെടുത്താൻ ആദ്യം തന്നെ ശ്രമം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പുകളിൽ വിജയം എൽഡിഎഫിന് ഒപ്പമായിരുന്നു. ഇപ്പോൾ സ്വർണ്ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി. 

'ആരോടാണ് കളിക്കുന്നതെന്ന് അറിയാമോ ? മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കില്ല'; ഷാജ് പറഞ്ഞതായി സ്വപ്ന

click me!