കെട്ടിട നമ്പര്‍ അനുവദിക്കാത്തതിനെതുടര്‍ന്ന് പ്രതിസന്ധിയിലായ ഷാജിമോന്‍റെ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. 25 കോടി മുടക്കിയ സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ഷാജിമോന്‍ ജോര്‍ജ് മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ സമരം തുടങ്ങിയത്
കോട്ടയം: വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലും പിന്നീട് റോഡില്‍ കിടന്നും സമരം ചെയ്ത പ്രവാസി സംരംഭകനായ ഷാജി മോന്‍ ജോര്‍ജ് സമരം അവസാനിപ്പിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്ന പരിഹാരമായതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിക്കുകയാണെന്ന് ഷാജി മോന്‍ പ്രഖ്യാപിച്ചത്. കെട്ടിട നമ്പര്‍ അനുവദിക്കാത്തതിനെതുടര്‍ന്ന് പ്രതിസന്ധിയിലായ ഷാജിമോന്‍റെ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
ചര്‍ച്ചയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കിയാല്‍ കെട്ടി നമ്പര്‍ അനുവദിക്കുമെന്ന ധാരണയായി. ഇതോടൊപ്പം ഇതിനായി കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജീനിയര്‍, കോട്ടയം ജില്ല ടൗണ്‍ പ്ലാനര്‍ എന്നിവരടങ്ങിയ സമിതിയും രൂപവത്കരിച്ചു. ചര്‍ച്ചയിലെ മിനുട്സിന്‍റെ പകര്‍പ്പും ഷാജി മോന് കൈമാറുമെന്നും ഇക്കാര്യത്തിലെടുത്ത തീരുമാനത്തില്‍ മാറ്റമുണ്ടായാല്‍ സമിതി ഇടപെടുമെന്നും മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത ആവശ്യമാണ്. പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാത്തതിനാലാണ് അനുമതി നല്‍കാതിരുന്നതെന്നും ബോധപൂര്‍വമല്ലെന്നും മൂന്ന് രേഖകളും നാളെ തന്നെ ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ നാളെ തന്നെ അനുവദിക്കുമെന്നും മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഭാവിയില്‍ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്ന ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും കൂടെ നിന്ന മാധ്യമങ്ങള്‍ക്ക് നന്ദി അറിയിക്കുകയാണെന്നും ഷാജി മോന്‍ പറഞ്ഞു. വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്ന് ഇടപെടല്‍ നടത്തിയ ഏഷ്യാനെറ്റ് ന്യൂസിനും ഷാജി മോന്‍ നന്ദി അറിയിച്ചു. വികാരപരമായി പ്രതികരിച്ചുപോയതെന്നും എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാത്തുകൊണ്ടാണെന്നും സമരം അവസാനിപ്പിച്ചുവെന്നും സന്തോഷമായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് സമരം ചെയ്ത ഷാജിമോന്‍ ജോര്‍ജിനെ രാവിലെയാണ് മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍നിന്ന് പൊലീസ് ബലമായി നീക്കിയത്. തുടര്‍ന്ന് അദ്ദേഹം റോഡില്‍ കിടന്ന് സമരം തുടരുകയായിരുന്നു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് കോട്ടയം മാഞ്ഞൂരിലുണ്ടായത്. 25 കോടി മുടക്കിയ സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ഷാജിമോന്‍ ജോര്‍ജ് മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ സമരം തുടങ്ങിയത്.
എന്നാല്‍ പൊലീസെത്തി ഷാജിമോനെ പഞ്ചായത്ത് കോംപൗണ്ടില്‍ നിന്ന് ബലമായി പുറത്തിറക്കുകയായിരുന്നു. ഷാജിമോന്‍ കിടന്ന കട്ടിലും പൊലീസ് നീക്കി. തുടര്‍ന്ന് ഷാജിമോന്‍ നടുറോഡില്‍ കിടന്ന് പ്രതിഷേധം തുടരുകയായിരുന്നു. ഷാജിമോന്‍റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയതിനുശേഷമാണ് അഞ്ച് രേഖകള്‍ മാത്രം ഹാജരാക്കിയാല്‍ മതിയെന്ന നിലപാടില്‍ പഞ്ചായത്ത് എത്തിയതെന്ന് ഷാജിമോന്‍ സമരത്തിനിടെ പ്രതികരിച്ചിരുന്നു. പറഞ്ഞ സര്‍ട്ടിഫിക്കറ്റുകലെല്ലാം പലപ്പോഴായി നല്‍കിയിട്ടും സാങ്കേതികത്വം പറഞ്ഞ് അനുമതി വൈകിപ്പിക്കുകയായിരുന്നുവെന്നും ഷാജി മോന്‍ ആരോപിച്ചിരുന്നു.