ചാര്‍ജുകളില്ലെന്ന് പറഞ്ഞ് ക്രെഡിറ്റ് കാര്‍ഡ് നൽകി, ഒടുവിൽ ക്ലോസ് ചെയ്യാനും ചാര്‍ജ്; ബാങ്കിന് 1.2 ലക്ഷം പിഴ

By Web TeamFirst Published Oct 18, 2024, 5:41 PM IST
Highlights

1.2 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണമെന്ന് ബാങ്കിന്  ഉത്തരവ് നൽകി
ചിത്രം പ്രതീകാത്മകം

കൊച്ചി: ഹിഡൻ ചാർജുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ല എന്ന ഉറപ്പിൽ ക്രെഡിറ്റ് കാർഡ് നൽകിയ ശേഷം, ചാര്‍ജ് ഈടാക്കിയ ആര്‍ബിഎൽ ബാങ്കിന് പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ. വാഗ്ദാന ലംഘനം നടത്തിയ ബാങ്കിന്റെ നടപടി അധാർമിക വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിരീക്ഷിച്ചു. എറണാകുളം കൂവപ്പടി സ്വദേശി അരുൺ എം ആർ, ആണ് മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ആര്‍ബിഎൽ ബാങ്കിനെതിരെ പരാതി നൽകിയത്. 

ഹിഡൻ ചാർജുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ല എന്ന ഉറപ്പിലാണ് പരാതിക്കാരൻ ക്രെഡിറ്റ് കാർഡ് എടുത്തത്. കാർഡ് ലഭിച്ചതിന് ശേഷം അമ്പതിനായിരം രൂപ കാർഡ് വഴി പെട്രോൾ പമ്പിൽ ഉപയോഗിച്ചു. 40 ദിവസം കഴിഞ്ഞിട്ടും പെയ്മെൻറ് അടക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശവും പരാതിക്കാരനു ബാങ്കിൽ നിന്ന് ലഭിച്ചില്ല. ഫോൺ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മറുപടിയില്ല. തുടർന്ന് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ പരാതിക്കാരൻ തീരുമാനിച്ചു.

Latest Videos

അന്വേഷിച്ചപ്പോൾ 50,590 രൂപ നൽകാനാണ് നിർദ്ദേശിച്ചത്. ആ തുക ഫോൺ പേ മുഖേനെ പരാതിക്കാൻ നൽകുകയും ചെയ്തു. എന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് വീണ്ടും 4,718 രൂപ കൂടി നൽകണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. പിന്നീട് അത് 13,153 രൂപയായി വർദ്ധിപ്പിച്ചു. അതിന് ശേഷം, അഭിഭാഷകൻ മുഖേനെ ബാങ്ക് അയച്ച നോട്ടീസിൽ 14,859 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ,നോട്ടീസിൽ പരാമർശിക്കുന്ന നമ്പർ ക്രെഡിറ്റ് കാർഡ് തനിക്ക് നൽകിയിട്ടില്ല എന്ന് പരാതിക്കാരൻ കോടതി മുമ്പാകെ അറിയിച്ചു. സിബിൽ സ്കോർ 760 -ൽ നിന്നും 390 ആയി കുറഞ്ഞു. ഇതുമൂലം ബാങ്കുകൾ തനിക്ക് വായ്പ നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

ഇടപാടുകളിൽ സുതാര്യതയും വിശ്വസ്തതയും വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളിൽ ചിലത് പിന്നീട് ഉപഭോക്താക്കളെ കബളിപ്പിക്കുകയും അവരുടെ മനസ്സമാധാനം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും ആയതിനാൽ നഷ്ടപരിഹാരം നൽകാൻ അത്തരം ബാങ്കുകൾക്ക് ബാധ്യതയുണ്ടെന്നും ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. സിബിൽ സ്കോറിൽ വീഴ്ച വരുത്തിയവരുടെ പട്ടികയിൽ നിന്നും പരാതിക്കാരന്റെ പേര് ഉടനടി നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കൂടാതെ, 1.2 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണമെന്ന് എതിർ കക്ഷിയായ ബാങ്കിന്  ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

നാടൊന്നു കാണാമെന്ന് കരുതി ഇറങ്ങിയതാണ്, പെട്ടുപോയി! ഒടുവിൽ രക്ഷ; മതിലരികില്‍ കുടുങ്ങിയ മലമ്പാമ്പിനെ പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!