ബോംബുണ്ടാക്കാൻ വേണ്ട ചില സാമഗ്രികൾ ഓണലൈൻ വഴി വാങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
കൊച്ചി: മംഗലാപുരത്തെ പ്രഷർ കുക്കർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്കും നീളുന്നു. കുക്കർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഷാരിഖ് സംഭവത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ആലുവയിൽ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെയാണ് അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുന്നത്. കർണാടക പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബോംബുണ്ടാക്കാൻ വേണ്ട ചില സാമഗ്രികൾ ഓണലൈൻ വഴി വാങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആലുവയിൽവെച്ചാണ് ഷാരിഖ് ഇത് കൈപ്പറ്റിയതെന്നാണ് വ്യക്തമാകുന്നത്. സ്ഫോടന ആസൂത്രണത്തിൽ കേരളത്തിലെ ആർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന പൊലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്.
അതേസമയം മംഗ്ലൂരു സ്ഫോടന കേസിൽ പിടിയിലായ ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കർണാടക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാരിഖിന്‍റെ തീവ്രവാദ ബന്ധത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്നും കർണാടക പൊലീസ് എ ഡി ജി പി അലോക് കുമാർ അറിയിച്ചു. ഷാരിഖ് വ്യാജ സിം കാർഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്നതടക്കം അന്വേഷണത്തിൽ വ്യക്തമായിട്ടെന്നും എ ഡി ജി പി പറഞ്ഞു. മംഗലാപുരം നഗരത്തിൽ വലിയ സ്ഫോടനത്തിനാണ് പ്രതി പദ്ധതിയിട്ടതെന്നും എന്നാൽ അബദ്ധത്തിൽ ഓട്ടോറിക്ഷയിൽ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും കർണാടക പൊലീസ് വിശദീകരിച്ചു. സ്ഫോടനത്തിന് പിന്നിൽ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവർക്കും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി 5 സംഘങ്ങളായി തിരിഞ്ഞാണ് കർണാടക പൊലീസ് അന്വേഷണം നടത്തുന്നത്. ഷാരിഖ് മാത്രമല്ല സ്ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശിയായ സുരേന്ദ്രന്‍ എന്നയാളും കസ്റ്റഡിയില്‍ ഉണ്ടെന്ന് എ ഡി ജി പി വ്യക്തമാക്കി.